ഏദൻ: യെമൻ സർക്കാർ വിദേശ കറൻസികളിലുള്ള വാണിജ്യ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, സേവന ഇടപാടുകളും കരാറുകളും നിരോധിച്ച് ഉത്തരവിട്ടു. ദേശീയ കറൻസിയായ യെമൻ റിയാലിൽ മാത്രം ഇടപാടുകൾ നടത്തണമെന്നാണ് ജൂലൈ 30 മുതൽ പ്രാബല്യത്തിൽ വന്ന തീരുമാനം. യെമൻ റിയാലിന്റെ മൂല്യം സംരക്ഷിക്കാനും കറൻസി വിനിമയ നിരക്ക് സ്ഥിരപ്പെടുത്താനും ഈ നടപടി ലക്ഷ്യമിടുന്നു.
ഹൂത്തികളിൽനിന്ന് മോചിതമായ യെമനിലെ എല്ലാ പ്രവിശ്യകളിലും ഗവർണറേറ്റുകളിലും സാധനങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന, വാങ്ങൽ, വാടക കരാറുകൾ, ട്യൂഷൻ ഫീസ്, മെഡിക്കൽ ഫീസ്, യാത്രാ ടിക്കറ്റുകൾ, സാമ്പത്തിക കരാറുകൾ എന്നിവ യെമൻ റിയാലിൽ മാത്രം നടത്തണമെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. രാജ്യത്തിനുള്ളിലെ വിദേശ കറൻസി ആവശ്യമില്ലാത്ത എല്ലാ ഇടപാടുകൾക്കും ഈ നിരോധനം ബാധകമാണ്.
നിയമം നടപ്പാക്കുന്നതിന് വ്യവസായ-വ്യാപാര, നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങൾക്കും പ്രവിശ്യാ ഗവർണർമാർക്കും ചുമതല നൽകിയിട്ടുണ്ട്. നിയമലംഘകരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും തീരുമാനം വ്യക്തമാക്കുന്നു. യെമൻ റിയാലിന്റെ മൂല്യത്തകർച്ച തടയാനും കറൻസി വിപണിയെ നിയന്ത്രിക്കാനും വിനിമയത്തിലെ ഊഹക്കച്ചവടം തടയാനുമാണ് ഈ നീക്കമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്തു.