സ്ട്രാസ്ബര്‍ഗ് : ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നത് വിവാഹമോചനക്കാര്യത്തില്‍ കുറ്റമായി കണക്കാക്കരുതെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. 69 വയസ്സുകാരിയായ ഫ്രഞ്ച് വനിതയുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതിന് പിന്നാലെ സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീക്ക് പ്രതികൂലമായ വിധിയാണ് ഫ്രാന്‍സിലെ കോടതികളില്‍ നിന്നുണ്ടായത്. തുടര്‍ന്നാണ് ഇവര്‍ യൂറോപ്പിലെ പരമോന്നത മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. ഫ്രഞ്ച് വനിതയ്ക്ക് അനുകൂലമായി കോടതി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു. സ്വകാര്യജീവിതത്തേയും കുടുംബജീവിതത്തേയും സംബന്ധിച്ച യൂറോപ്യന്‍ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ എട്ട് ഫ്രാന്‍സ് ലംഘിച്ചുവെന്ന് വിധിയില്‍ പറയുന്നു.
പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത നാലു കുട്ടികളുടെ അമ്മയായ സ്ത്രീ കോടതി വിധിയെ സ്വാഗതം ചെയ്തു. ”ഈ തീരുമാനം ഫ്രാന്‍സിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഒരു വഴിത്തിരിവായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വിജയം എന്നെപ്പോലെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന വിചിത്രവും അന്യായവുമായ കോടതി വിധികള്‍ നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ളതാണെന്നും അവര്‍ പറഞ്ഞു.
പാരീസിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ലെ ചെസ്‌നേയില്‍ താമസിക്കുന്ന സ്ത്രീയെ കോടതി എച്ച്. ഡബ്ല്യു എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള വൈവാഹിക ബാധ്യത ലൈംഗിക സ്വാതന്ത്ര്യത്തിനും വ്യക്തിയുടെ ശരീരത്തിനു മേലുള്ള അവകാശത്തിനും എതിരാണെന്നും കോടതി നിരീക്ഷിച്ചു. സമ്മതമില്ലാതെയുള്ള ലൈംഗികപ്രവൃത്തികള്‍ ലൈംഗിക അതിക്രമമാണെന്നും കോടതി വ്യക്തമാക്കി. അപേക്ഷകയുടെ ഭര്‍ത്താവിന് വേണമെങ്കില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ സ്ത്രീയുടെ ഭര്‍ത്താവ് അവളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നു.
1984-ലാണ് ഇവരുടെ വിവാഹം നടന്നത്. ഭിന്നശേഷിക്കാരായ മകളുള്‍പ്പെടെ ഇവര്‍ നാലുകുട്ടികളുമുണ്ട്. ഭിന്നശേഷിക്കാരിയായ മകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായിരുന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു.1992 മുതല്‍ സ്ത്രീയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. 2004-ലാണ് സ്ത്രീ ലൈംഗികബന്ധം നിഷേധിക്കുന്നത്. തുടര്‍ന്ന് ഇവര്‍ 2012-ല്‍ വിവാഹമോചനത്തിനും അപേക്ഷിച്ചു.
എന്നാല്‍ 2019-ല്‍ ഫ്രാന്‍സ് വെര്‍സൈല്‍സിലെ കോടതി സ്ത്രീയുടെ പരാതികള്‍ തള്ളുകയും ഭര്‍ത്താവിന്റെ പക്ഷം ചേരുകയുമുണ്ടായി. തുടര്‍ച്ചയായ നിയമയുദ്ധത്തില്‍ സ്ത്രീയ്ക്ക് അനുകൂലമായ നടപടിയുണ്ടായില്ല. തുടര്‍ന്ന് 2021-ലാണ് സ്ത്രീ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്.
മുന്‍പേയുള്ള കോടതി വിധികളെ അംഗീകരിച്ച് മുന്നോട്ട് പോകുന്നത് തനിക്ക് സാധിക്കുമായിരുന്നില്ലെന്ന് സ്ത്രീ പറഞ്ഞു. എന്നെ തെറ്റുകാരിയായ കണ്ട കോടതിയുടെ തീരുമാനം ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതായിരുന്നില്ല. ലൈംഗിക ബന്ധം വേണ്ടെന്നു വെയ്ക്കാനുള്ള എന്റെ അവകാശം നിഷേധിക്കുകയും എന്റെ ശരീരത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമായിരുന്നു അത്. എന്റെ ഭര്‍ത്താവിനെപ്പോലെയുള്ളവര്‍ക്ക് പങ്കാളിയുടെ മേല്‍ അവരുടെ ഇഷ്ടം അടിച്ചേല്‍പ്പിക്കാനുള്ള അവകാശത്തെയാണ് അത് ശക്തിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.