ന്യൂയോർക്ക് ∙ സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയം ശേഖരവും കൈമാറണമെന്ന യു.എസ് ആവശ്യം അസ്വീകാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം തെഹ്റാനിലേക്ക് മടങ്ങും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ട്രിഗർ മെക്കാനിസം’ എന്നറിയപ്പെടുന്ന സ്നാപ്ബാക്ക് സംവിധാനം സജീവമാക്കിയാൽ, 2015-ലെ ആണവ കരാറിൽ നിന്ന് പിന്മാറുന്ന കാര്യം ഇറാൻ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മാസത്തെ ഗ്രേസ് പിരീഡിന് പകരമായി യുറേനിയം ശേഖരം കൈമാറണമെന്ന യു.എസ് നിർദേശം തള്ളിക്കളഞ്ഞ അദ്ദേഹം, ആണവ പ്രശ്നത്തിൽ യൂറോപ്യൻ രാജ്യങ്ങളുമായി കരാറിൽ എത്തിയിട്ടുണ്ടെങ്കിലും യു.എസിന് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്നും വിമർശിച്ചു.
ഇറാനെതിരെ യു.എൻ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ നടപടികൾ ആരംഭിച്ചതിന് പിന്നാലെ, ഈ മൂന്ന് രാജ്യങ്ങളിലെയും തങ്ങളുടെ അംബാസഡർമാരെ ഇറാൻ തിരിച്ചുവിളിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘നിരുത്തരവാദപരമായ’ ഈ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ ഇറാൻ അംബാസഡർമാരെ കൂടിയാലോചനയ്ക്കായി തെഹ്റാനിലേക്ക് വിളിപ്പിച്ചതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധന പുനരാരംഭിച്ചിട്ടും, യു.എൻ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനെതിരെ യു.എൻ രക്ഷാസമിതി വോട്ട് ചെയ്തു. 2015-ലെ സംയുക്ത സമഗ്ര പ്രവർത്തന പദ്ധതി (JCPOA) 2026 ഏപ്രിൽ 18 വരെ ആറ് മാസത്തേക്ക് നീട്ടാൻ ലക്ഷ്യമിട്ടുള്ള കരട് പ്രമേയത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നു. എന്നാൽ, ചൈനയും റഷ്യയും അവതരിപ്പിച്ച ഈ പ്രമേയം രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 9 പേർ നിരാകരിച്ചു. 4 അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ പിന്തുണച്ചത്, 2 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നിലവിലെ കരാർ ഒക്ടോബർ 18-ന് കാലഹരണപ്പെടും.
ഇറാന്റെ ആണവ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള യു.എൻ ഉപരോധങ്ങൾ ഈ ആഴ്ച അവസാനം വീണ്ടും ഏർപ്പെടുത്തുമെന്ന് യു.എന്നിലെ ബ്രിട്ടീഷ് അംബാസഡർ ബാർബറ വുഡ്‌വാർഡ് പറഞ്ഞു. “നിർഭാഗ്യവശാൽ, ഇറാൻ തങ്ങളുടെ വിസമ്മതത്തിൽ ഉറച്ചുനിന്നു. അവർ വ്യക്തവും നിർദ്ദിഷ്ടവുമായ ഒരു നിർദേശവും മുന്നോട്ടുവെച്ചിട്ടില്ല,” യു.എന്നിലെ ഫ്രഞ്ച് അംബാസഡർ ജെറോം ബോണഫോണ്ട് വിമർശിച്ചു. വോട്ടെടുപ്പിന്റെ ഫലമായി, ഇറാനെതിരെ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്താൻ ട്രിഗർ സംവിധാനം സജീവമാക്കുന്നതിലേക്ക് രക്ഷാസമിതി നീങ്ങുകയാണ്. ഉപരോധങ്ങൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
ഇറാനെതിരെ യു.എൻ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത് നിയമപരമായി അസാധുവാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പ്രതികരിച്ചു. “ട്രിഗർ സംവിധാനം സജീവമാക്കുന്നത് നിയമവിരുദ്ധവും രാഷ്ട്രീയമായി നിരുത്തരവാദപരവും നടപടിക്രമപരമായി തെറ്റുമാണ്,” അദ്ദേഹം രക്ഷാസമിതിയിൽ വ്യക്തമാക്കി. “ഇറാൻ ഒരിക്കലും സമ്മർദത്തിന് വഴങ്ങില്ല. പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്രത്തിന് മാത്രമേ ഞങ്ങൾ പ്രതികരിക്കൂ. സംഘർഷം വർധിപ്പിക്കുകയോ നയതന്ത്രം തിരഞ്ഞെടുക്കുകയോ എന്നതാണ് തെരഞ്ഞെടുപ്പ്,” അറാഖ്ജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യു.എൻ രക്ഷാസമിതിയിലെ സംഭവങ്ങളെ “വഞ്ചനയും നുണയും അസംബന്ധ പ്രഹസനവും” എന്ന് റഷ്യൻ ഡെപ്യൂട്ടി അംബാസഡർ ദിമിത്രി പോളിയാൻസ്കി വിശേഷിപ്പിച്ചു. “ഇത് നയതന്ത്രമല്ല. ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിന് അർഥമില്ല, റഷ്യ അവ നടപ്പാക്കില്ല,” അദ്ദേഹം സൂചിപ്പിച്ചു.