ജറുസലേം: അതിവേഗം പടരുന്ന കാട്ടുതീ അണക്കാൻ അഗ്നിശമന സേനാംഗങ്ങളെ സഹായിക്കുന്നതിന് സൈന്യത്തെ വിന്യസിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. സ്ഥിതിഗതികളെ അദ്ദേഹം “ദേശീയ അടിയന്തരാവസ്ഥ” എന്ന് വിളിച്ചു.
“നമ്മൾ ഒരു ദേശീയ അടിയന്തരാവസ്ഥ നേരിടുകയാണ്, ജീവൻ രക്ഷിക്കാനും തീ നിയന്ത്രണവിധേയമാക്കാനും ലഭ്യമായ എല്ലാ സേനകളെയും അണിനിരത്തണം’- പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. നൂറുകണക്കിന് സാധാരണക്കാർ നിലവിൽ അപകടത്തിലാണെന്ന് എം.ഡി.എ റിപ്പോർട്ട് ചെയ്തു.
ഒരു ആഴ്ച മുമ്പ് തീപിടുത്തത്താൽ നശിപ്പിക്കപ്പെട്ട പ്രദേശത്ത് വീണ്ടും കാട്ടുതീ ഉണ്ടായി. ജറുസലേം-ടെൽ അവീവ് ഹൈവേ അടച്ചുപൂട്ടിയ ഇസ്രായേൽ പോലീസ് വഴിയരികിലെ താമസക്കാരെ ഒഴിപ്പിച്ചു. ജറുസലേമിന് പടിഞ്ഞാറ് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ജനങ്ങളെ ഒഴിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉയർന്ന താപനിലയും ശക്തമായ കാറ്റും വനപ്രദേശങ്ങളിലെ തീപിടുത്തം വേഗത്തിൽ പടരാൻ കാരണമായതായും പൊലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അടിയന്തര സേവന ദാതാവായ മാഗൻ ഡേവിഡ് അഡോം ഒരു പ്രസ്താവനയിൽ പറഞ്ഞു. ആംബുലൻസ് ടീമുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ, അടിയന്തര പ്രതികരണ വാഹനങ്ങൾ എന്നിവ അഗ്നിശമന പ്രവർത്തനങ്ങൾക്ക് വൈദ്യസഹായം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.