ന്യൂഡല്‍ഹി– ഇന്ത്യന്‍ ആഭ്യന്തര വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണലിനെ (എ.എന്‍.ഐ) അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ വിക്കിപീഡിയയില്‍ നിന്ന് നീക്കാനുള്ള കോടതി ഉത്തരവിനെതിരെ വിക്കിമീഡിയ അപ്പീല്‍ നല്‍കി. കഴിഞ്ഞ വര്‍ഷമാണ് എ.എന്‍.ഐയെ ‘സര്‍ക്കാറിന്റെ പ്രചരണയന്ത്രം’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്ലാറ്റ്‌ഫോമായ വിക്കിപീഡിയക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്. തുടര്‍ന്ന കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതി പ്രസ്താവന നീക്കം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
പ്രസ്താവന എ.എന്‍.ഐയെ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതുമാണ്, അവ നീക്കം ചെയ്യണമെന്നും, എ.എന്‍.ഐയോട് മാപ്പു പറഞ്ഞ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി ഉത്തരവിനെതിരെ വിക്കിപീഡിയ ഓപ്പറേറ്ററായ വിക്കിമീഡിയ അപ്പീല്‍ നല്‍കിയതായി ഹൈക്കോടതി വെബ്‌സൈറ്റില്‍ കാണിച്ചെങ്കിലും വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല.
2021ല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പ്രതിഷേധങ്ങളുടെക്കുറിച്ചുള്ള പോസ്റ്റുകള്‍ തടയാന്‍ എക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനെതിരെ വാദിക്കുന്ന രണ്ടാമത്തെ പ്രധാന പ്ലാറ്റ്‌ഫോമാണ് വിക്കിമീഡിയ ഫൗണ്ടേഷന്‍.