തെഹ്റാൻ: പന്ത്രണ്ട് ദിവസം നീണ്ട ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടെ നൂറുകണക്കിന് ചാരന്മാരെ അറസ്റ്റ് ചെയ്യുകയും 23 മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള പദ്ധതികൾ വിഫലമാക്കുകയും ചെയ്തതായി ഇറാൻ ഇന്റലിജൻസ് മന്ത്രാലയം വെളിപ്പെടുത്തി. ആഭ്യന്തര കുഴപ്പങ്ങൾ സൃഷ്ടിക്കാനും ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾക്ക് പിന്നിൽ ഇസ്രായേലും പാശ്ചാത്യ രാജ്യങ്ങളും പ്രവർത്തിച്ചതായി ഇറാൻ ആരോപിച്ചു.
യുദ്ധകാലത്ത് ഇസ്രായേലിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഡസൻ കണക്കിന് പദ്ധതികൾ ഇറാൻ പരാജയപ്പെടുത്തി. യുദ്ധം കേവലം സൈനിക ഏറ്റുമുട്ടൽ മാത്രമല്ല, സുരക്ഷ, ഇന്റലിജൻസ്, മാധ്യമങ്ങൾ, മാനസിക മാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സങ്കീർണമായ പദ്ധതിയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും നയിക്കുന്ന, ഏതാനും യൂറോപ്യൻ രാജ്യങ്ങളുടെയും വിപ്ലവവിരുദ്ധ ഗ്രൂപ്പുകളുടെയും പിന്തുണയോടെ പ്രവർത്തിച്ച അട്ടിമറി ശൃംഖലകൾ ഇറാൻ പൊളിച്ചുനീക്കി.
കൊലപാതകങ്ങൾ, അട്ടിമറികൾ, ആഭ്യന്തര സുരക്ഷ അസ്ഥിരപ്പെടുത്തൽ, പൊതുജനാഭിപ്രായം ഇളക്കിവിടൽ, സായുധ, തക്ഫീരി ഗ്രൂപ്പുകൾ വഴി സർക്കാർ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറൽ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിച്ചതായി ഇറാൻ ആരോപിച്ചു. കൂടാതെ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ (IAEA) ചൂഷണം ചെയ്ത്, ഇറാൻ ആണവ പദ്ധതിയെക്കുറിച്ച് ന്യായീകരിക്കാനാവാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ ചില അന്താരാഷ്ട്ര കക്ഷികൾ ശ്രമിച്ചതായും ഇറാൻ ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ യു.എൻ പ്രമേയത്തിൽ കലാശിച്ച വ്യവസ്ഥാപിത സമ്മർദ കാമ്പെയ്‌നിന്റെ ഭാഗമായിരുന്നുവെന്നും മന്ത്രാലയം വിമർശിച്ചു.