വാഷിംഗ്ടണ്‍ – യു.എന്നിന്റെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക ഏജന്‍സിയായ യുനെസ്‌കോയിലെ പങ്കാളിത്തം രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യത്തിന് നിരക്കുന്നതല്ലെന്നും ഏജന്‍സി ഇസ്രായില്‍ വിരുദ്ധ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നുവെന്നും പറഞ്ഞ് സംഘടനയില്‍ നിന്ന് പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2018 ല്‍ യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്മാറിയിരുന്നു. ജോ ബൈഡന്‍ ഭരണകാലത്ത് അമേരിക്ക വീണ്ടും യുനെസ്‌കോയില്‍ ചേര്‍ന്നു. ഇതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ തീരുമാനം.
വിഭജനാത്മകമായ സാമൂഹിക, സാംസ്‌കാരിക കാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്ന യുനെസ്‌കോയുടെ അജണ്ടയുമായി ബന്ധപ്പെട്ടാണ് ഏജന്‍സിയില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതെന്ന് യു.എസ് വിദേശ മന്ത്രാലയ വക്താവ് ടാമി ബ്രൂസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗരാജ്യമായി അംഗീകരിക്കാനുള്ള യുനെസ്‌കോയുടെ തീരുമാനം വളരെ പ്രശ്നകരവും യു.എസ് നയത്തിന് വിരുദ്ധവും സംഘടനക്കുള്ളില്‍ ഇസ്രായില്‍ വിരുദ്ധ വ്യാപനത്തിന് കാരണവുമാണെന്ന് അവര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഈ തീരുമാനം 2026 ഡിസംബര്‍ അവസാനം പ്രാബല്യത്തില്‍ വരും.
പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനെസ്‌കോയില്‍ നിന്ന് ഇത് മൂന്നാം തവണയും ട്രംപ് ഭരണ കാലത്ത് രണ്ടാം തവണയുമാണ് അമേരിക്ക പുറത്തുപോകുന്നത്. ബൈഡന്‍ ഭരണകാലത്ത് 2023 ലാണ് അമേരിക്ക അവസാനമായി ഏജന്‍സിയില്‍ ചേര്‍ന്നത്.
അമേരിക്കയുടെ തീരുമാനത്തില്‍ അഗാധമായി ഖേദിക്കുന്നുവെന്നും എന്നാല്‍ അത് പ്രതീക്ഷിച്ചതാണെന്നും ഏജന്‍സി അതിന് തയാറെടുത്തിട്ടുണ്ടെന്നും യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു. ഇസ്രായില്‍ വിരുദ്ധ പക്ഷപാതപരമായ ആരോപണങ്ങളും അവര്‍ നിഷേധിച്ചു. ഈ അവകാശവാദങ്ങള്‍ യുനെസ്‌കോ നടത്തുന്ന ശ്രമങ്ങളുടെ, പ്രത്യേകിച്ച് ഹോളോകോസ്റ്റ് വിദ്യാഭ്യാസ മേഖലയിലും സെമിറ്റിസത്തിനെതിരായ പോരാട്ടത്തിലും നടത്തുന്ന ശ്രമങ്ങളുടെ യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ് – ഓഡ്രി അസോലെ പറഞ്ഞു.
ഇസ്രായില്‍ വിരുദ്ധ പക്ഷപാതം ചൂണ്ടിക്കാട്ടി അമേരിക്ക യുനെസ്‌കോയില്‍ നിന്ന് പിന്മാറുമെന്ന് 2017 ല്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനുശേഷം ആ തീരുമാനം പ്രാബല്യത്തില്‍ വന്നു. 2011 ല്‍ പലസ്തീനെ അംഗരാജ്യമായി ഉള്‍പ്പെടുത്താന്‍ വോട്ട് ചെയ്തതിന് ശേഷം യു.എസും ഇസ്രായിലും യുനെസ്‌കോക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിയിരുന്നു.
അമേരിക്ക മുന്നോട്ടുവെച്ച കാരണങ്ങള്‍ ഏഴ് വര്‍ഷം മുമ്പുള്ളതിന് സമാനമാണ്. സ്ഥിതിഗതികള്‍ വളരെയധികം മാറിയിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞു. യുനെസ്‌കോ ഇന്ന് മൂര്‍ത്തവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ബഹുമുഖതയെ കുറിച്ചുള്ള സമവായത്തിനുള്ള ഒരു അപൂര്‍വ വേദിയാണ് – ഓഡ്രി അസോലെ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാദ്യം ട്രംപ് ഭരണകൂടം ഉത്തരവിട്ട പ്രത്യേക അവലോകനത്തെ തുടര്‍ന്ന് അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്ന യുനെസ്‌കോ ഉദ്യോഗസ്ഥര്‍ക്ക് ഈ തീരുമാനം അതിശയകരമല്ലായിരുന്നു.
ഏജന്‍സിയുടെ ബജറ്റിന്റെ ഗണ്യമായ പങ്ക് അമേരിക്ക നല്‍കുന്നതിനാല്‍ യു.എസ് പിന്മാറ്റം യുനെസ്‌കോയെ ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംഘടനക്ക് അത് നേരിടാന്‍ കഴിയും. സമീപ വര്‍ഷങ്ങളില്‍ യുനെസ്‌കോ അതിന്റെ ഫണ്ടിംഗ് സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കൂടാതെ യു.എസിന്റെ സംഭാവന കുറഞ്ഞു. ഇപ്പോള്‍ ഏജന്‍സിയുടെ മൊത്തം ബജറ്റിന്റെ എട്ടു ശതമാനം മാത്രമാണ് അമേരിക്കയുടെ സംഭാവന. വിഭവങ്ങള്‍ കുറഞ്ഞാലും യുനെസ്‌കോ അതിന്റെ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നത് തുടരുമെന്ന് അസോലെ വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിനെ കുറിച്ച് ഏജന്‍സി ആലോചിക്കുന്നില്ല. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും സ്വാഗതം ചെയ്യുക എന്നതാണ് യുനെസ്‌കോയുടെ ലക്ഷ്യം. അമേരിക്കയെ എപ്പോഴും സ്വാഗതം ചെയ്യും. സ്വകാര്യ മേഖല, അക്കാദമിക് മേഖല, ലാഭേച്ഛയില്ലാത്ത സംഘടനകള്‍ എന്നിവയിലെ ഞങ്ങളുടെ എല്ലാ അമേരിക്കന്‍ പങ്കാളികളുമായും ഞങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് തുടരും. കൂടാതെ യു.എസ് ഭരണകൂടവുമായും കോണ്‍ഗ്രസുമായും ഞങ്ങളുടെ രാഷ്ട്രീയ സംഭാഷണം തുടരും – ഓഡ്രി അസോലെ പറഞ്ഞു.
യുനെസ്‌കോയെ തെറ്റായി കൈകാര്യം ചെയ്യുന്നതായും അഴിമതി നിറഞ്ഞതും സോവിയറ്റ് യൂണിയന്റെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതുമായും വിലയിരുത്തി 1984 ല്‍ റീഗന്‍ ഭരണകാലത്ത് അമേരിക്ക യുനെസ്‌കോയില്‍ നിന്ന് പിന്മാറി. 2003 ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്ക വീണ്ടും ഏജന്‍സിയില്‍ ചേര്‍ന്നു.