വാഷിംഗ്ടൺ – യു.എസ് സാമൂഹിക വ്യവസ്ഥക്ക് ഭാരമായി കണക്കാക്കപ്പെടുന്ന അപേക്ഷകർക്ക് മേൽ നിയന്ത്രണങ്ങൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ വിസ പ്രോസസ്സിംഗുകളും താൽക്കാലികമായി നിർത്തിവെക്കാൻ യു.എസ് വിദേശ മന്ത്രാലയം തീരുമാനിച്ചു. സുരക്ഷാ പരിശോധനാ നടപടിക്രമങ്ങൾ വീണ്ടും വിലയിരുത്തുന്നതുവരെ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിസ അപേക്ഷകൾ നിരസിക്കാൻ കോൺസുലാർ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സൊമാലിയ, റഷ്യ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്‌ലൻഡ്, യെമൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയാണ് തീരുമാനം ബാധിക്കുക.
ജനുവരി 21 മുതൽ സസ്‌പെൻഷൻ പ്രാബല്യത്തിൽ വരും. വിസ പ്രോസസ്സിംഗ് സംവിധാനത്തിന്റെ അവലോകനം പൂർത്തിയാക്കുന്നതുവരെ വിസകൾ നിർത്തിവെക്കാനുള്ള തീരുമാനം അനിശ്ചിതമായി തുടരും. ഇമിഗ്രേഷൻ നിയമത്തിലെ പൊതു ബാധ്യത എന്ന വ്യവസ്ഥ പ്രകാരം കർശനമായ പുതിയ പരിശോധനാ നടപടിക്രമങ്ങൾ നടപ്പാക്കാൻ കോൺസുലാർ ജീവനക്കാർക്ക് നിർദേശം നൽകി 2025 നവംബറിൽ യു.എസ് വിദേശ മന്ത്രാലയം ലോകമെമ്പാടുമുള്ള അമേരിക്കൻ നയതന്ത്ര മിഷനുകൾക്ക് കമ്പി സന്ദേശമയച്ചു. ആരോഗ്യം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം, സാമ്പത്തിക സ്ഥിതി, ദീർഘകാല വൈദ്യസഹായം ആവശ്യമായി വരാനുള്ള സാധ്യത തുടങ്ങിയ വിവിധ ഘടകങ്ങൾ കണക്കിലെടുത്ത്, സർക്കാർ സഹായത്തെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് വിസ നിഷേധിക്കുന്നത് ഈ നിർദേശങ്ങൾ നിർബന്ധമാക്കുന്നു.



