വാഷിംഗ്ടണ്‍ – ഖത്തറിനെ ഇസ്രായിൽ ആക്രമിച്ചത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെങ്കിലും ഇസ്രായിലിനുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ. ഖത്തറിനെ ആക്രമിച്ചതിൽ ഞങ്ങൾ സന്തുഷ്ടരല്ലെന്നും എന്നാൽ അത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിൽ കുറവ് വരുത്തില്ലയെന്നും റൂബിയോ പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം പറഞ്ഞത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഇസ്രായിലിലേക്ക് പോവുകയാണെന്നും ഇദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി അമേരിക്കൻ പ്രസിഡന്റ് ട്രംപും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയും ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ഈ കൂടിക്കാഴ്ചയിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
മിഡിൽ ഈസ്റ്റ് യുഎസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും പങ്കെടുത്ത ഈ കൂടിക്കാഴ്ച വളരെ നല്ല രീതിയിൽ അവസാനിച്ചെന്നും പറയുന്നു. കൂടിക്കാഴ്ചയെ വാഷിംഗ്ടണിലെ ഖത്തർ നയതന്ത്ര ഹമദ് അൽമുഫ്താഹ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പ്രശംസിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ വെച്ചു നടന്ന ചടങ്ങിന് നേരെ ഇസ്രായിൽ ആക്രമിച്ചിരുന്നു. ഹമാസ് നേതാക്കൾ ലക്ഷ്യം വെച്ച ഈ ആക്രമണത്തിൽ ഒരു സെക്യൂരിറ്റി അടക്കം ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അറബ് രാജ്യങ്ങൾ അടക്കമുള്ള നിരവധി ലോകരാജ്യങ്ങൾ ഇസ്രായിലിനെതിരെ തിരിഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും സംഭവത്തിൽ ഇസ്രായിലിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്.