ന്യൂയോർക്ക് ∙ ഫലസ്തീൻ അനുകൂല റാലിയിൽ പങ്കെടുത്തതിന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വീണ്ടുവിചാരമില്ലാതെയും പ്രകോപനപരമായും പെരുമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. റാലിയിൽ അമേരിക്കൻ സൈനികരോട് ട്രംപിന്റെ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തതും അക്രമത്തിന് പ്രേരിപ്പിച്ചതുമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു. ഇത് അസ്വീകാര്യമായ നിയമലംഘനമാണെന്ന് അമേരിക്ക വ്യക്തമാക്കി.
ന്യൂയോർക്ക് തെരുവിലെ റാലിയിൽ, ഫലസ്തീൻ സ്വതന്ത്രമാക്കാൻ അമേരിക്കൻ സൈന്യത്തേക്കാൾ വലിയ ഒരു ആഗോള സൈന്യം രൂപീകരിക്കണമെന്ന് മെഗാഫോണിലൂടെ സ്പാനിഷിൽ അഭിസംബോധന ചെയ്ത വീഡിയോ പെട്രോ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. “അതുകൊണ്ടാണ് ഇവിടെ നിന്ന്, ന്യൂയോർക്കിൽ നിന്ന്, അമേരിക്കൻ സൈന്യത്തിലെ എല്ലാ സൈനികരോടും ആളുകളോട് തോക്ക് ചൂണ്ടരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നത്. ട്രംപിന്റെ ഉത്തരവുകൾ അനുസരിക്കരുത്. മാനവികതയുടെ ഉത്തരവുകൾ അനുസരിക്കുക,” പെട്രോ സ്പാനിഷിൽ പറഞ്ഞു.
യു.എൻ പൊതുസഭയിൽ പങ്കെടുക്കാനായിരുന്നു പെട്രോ ന്യൂയോർക്കിലെത്തിയത്. ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. കരീബിയൻ കടലിലെ അടുത്തിടെ അമേരിക്ക നടത്തിയ ബോട്ട് ആക്രമണങ്ങളിൽ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് പെട്രോ ആവശ്യപ്പെട്ടു. കൊളംബിയക്കാരുൾപ്പെടെ ദരിദ്ര യുവാക്കൾ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയും കൊളംബിയയും തമ്മിലുള്ള ചരിത്രപരമായ സഖ്യം നിലനിൽക്കുമ്പോഴും ഇരു രാജ്യങ്ങളുടെയും ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. മയക്കുമരുന്ന് പോരാട്ടത്തിൽ കൊളംബിയയുടെ സഖ്യകക്ഷി പദവി കഴിഞ്ഞ ആഴ്ച ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.
ഇസ്രായേലിനെയും സഖ്യകക്ഷിയായ അമേരിക്കയെയും ചൊടിപ്പിച്ച് ഫ്രാൻസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചപ്പോൾ, ട്രംപ് ഭരണകൂടം ഫലസ്തീൻ അനുകൂല ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റും ഗാസയിലെ ഇസ്രായേൽ യുദ്ധത്തെ ശക്തമായി എതിർക്കുന്നയാളുമായ പെട്രോ, ചൊവ്വാഴ്ച യു.എൻ ജനറൽ അസംബ്ലിയിലെ പ്രസംഗത്തിൽ ട്രംപിനെതിരെ ആഞ്ഞടിച്ചു. യു.എസ് പ്രസിഡന്റ് ഗാസയിലെ വംശഹത്യയ്ക്ക് ഇസ്രായേലിന് കൂട്ടുനിൽക്കുന്നുവെന്ന് പെട്രോ ആരോപിച്ചു.
തന്റെ വിസ റദ്ദാക്കൽ തീരുമാനത്തെ പെട്രോ തള്ളിക്കളഞ്ഞു. ഗാസയിലെ ഇസ്രായേൽ നടപടികളെ വിമർശിച്ചതിന് വിസ റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. “എനിക്ക് ഇനി അമേരിക്കയിലേക്ക് പോകാൻ വിസയില്ല. എനിക്ക് അത് പ്രശ്നമല്ല. എനിക്ക് വിസ ആവശ്യമില്ല. കാരണം ഞാന്‍ ഒരു കൊളംബിയന്‍ പൗരന്‍ മാത്രമല്ല, ഒരു യൂറോപ്യന്‍ പൗരനുമാണ്. ലോകത്തിലെ ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് ഞാൻ എന്നെത്തന്നെ കണക്കാക്കുന്നത്,” പെട്രോ സോഷ്യൽ മീഡിയയിൽ പറഞ്ഞു. വംശഹത്യയെ അപലപിച്ചതിന് വിസ റദ്ദാക്കുന്നതിലൂടെ അമേരിക്ക അന്താരാഷ്ട്ര നിയമത്തെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം എക്സിലെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.