അമൃത്സര്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നിര്‍ദേശത്തെ തുടർന്ന് അറസ്റ്റിലായ ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള യുഎസ് സൈനിക വിമാനം അമൃത്സറില്‍ എത്തി. സി-17 സൈനിക വിമാനത്തിൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 104 പേരാണ് ഉള്ളത്. ഇന്നലെ ടെക്സാസിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന വിമാനം 41 മണിക്കൂർ നീണ്ട ദുസ്സഹമായ യാത്രയ്ക്കൊടുവിലാണ് പഞ്ചാബിലെ അമൃത്സറിൽ ലാൻഡ് ചെയ്തത്. യുഎസിലെ ഇന്ത്യൻ അധികൃതർ ഇവരെ പരിശോധിച്ച് ഇന്ത്യക്കാരാണെന്ന് ഉറപ്പാക്കിയതായും റിപോർട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാരിന്റെ പങ്കും ഇതിൽ വ്യക്തമായി.
മതിയായ രേഖകളില്ലാതെ 18000ഓളം ഇന്ത്യാക്കാരാണ് യുഎസ് അധികൃതരുടെ നാടുകടത്തൽ പട്ടികയിൽ ഉള്ളത്. ഏതാണ്ട് 7.25 ലക്ഷം ഇന്ത്യക്കാര്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് അനധികൃത കുടിയേറ്റക്കാര്‍ കൂടുതല്‍. മലയാളികള്‍ കുറവാണ്. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ മെക്സിക്കോയ്ക്കും എല്‍ സാല്‍വദോറിനും പിന്നിലാണ് ഇന്ത്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്ക് പറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട നാടുകടത്തല്‍. യുഎസിലടക്കം വിദേശത്ത് അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃതമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു.