റാമല്ല – ഏകദേശം 60 വര്‍ഷം മുമ്പ് ഇസ്രായില്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം ആരംഭിച്ച ശേഷം, അധിനിഷ്ട വെസ്റ്റ് ബാങ്കില്‍ വന്‍തോതിലുള്ള കുടിയിറക്കം അഭൂതപൂര്‍വമായ തോതിലെത്തിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ആരംഭിച്ച ഇസ്രായിലി സൈനിക നടപടി പതിനായിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കിയതായും ഇത് വംശീയ ഉന്മൂലനത്തിലേക്ക് നയിച്ചേക്കുമെന്ന ഭയം ഉയര്‍ത്തുന്നതായും യു.എന്‍ പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന രണ്ടാം ഇന്‍തിഫാദക്ക് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക നടപടിയാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്കില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വക്താവ് ജൂലിയറ്റ് ടൗമ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ നിരവധി അഭയാര്‍ഥി ക്യാമ്പുകളെ ഇസ്രായില്‍ സൈനിക നടപടി ബാധിക്കുന്നു. 1967 ന് ശേഷം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളുടെ ഏറ്റവും വലിയ കുടിയിറക്കത്തിന് ഇത് കാരണമാകുന്നതായി വെസ്റ്റ് ബാങ്കിലെ ഇസ്രായില്‍ അധിനിവേശത്തിലേക്ക് നയിച്ച 1967 ലെ ആറ് ദിവസത്തെ യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് ജൂലിയറ്റ് ടൗമ പറഞ്ഞു.
അധിനിവേശ സേനയുടെ കൈകളാല്‍ ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കുന്നത് വംശീയ ഉന്മൂലനത്തിന് തുല്യമാകുമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ ഇസ്രായില്‍ സൈന്യം വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇരുമ്പ് മതില്‍ എന്ന് പേരിട്ട ഓപ്പറേഷന്‍ ആരംഭിച്ച ശേഷം ഏകദേശം 30,000 പലസ്തീനികള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടിട്ടുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് തമീന്‍ അല്‍ഖൈതാന്‍ പറഞ്ഞു.
ജനുവരി മുതല്‍ വടക്കന്‍ വെസ്റ്റ് ബാങ്കിലെ 1,400 ഓളം വീടുകള്‍ പൊളിച്ചുമാറ്റാന്‍ ഇസ്രായില്‍ സുരക്ഷാ സേന ഉത്തരവിട്ടു. ഈ കണക്കുകള്‍ ഭയാനകമാണ്. 2023 ഒക്ടോബര്‍ മുതല്‍ വെസ്റ്റ് ബാങ്കിലുടനീളം ഫലസ്തീനികളുടെ വീടുകള്‍ ഇസ്രായില്‍ പൊളിച്ചുമാറ്റിയതിന്റെ ഫലമായി 2,907 ഫലസ്തീനികള്‍ ഭവനരഹിതരായി. ജൂതകുടിയേറ്റക്കാരുടെ അക്രമങ്ങളുടെ ഫലമായി 2,400 പലസ്തീനികള്‍ കൂടി പലായനം ചെയ്തിട്ടുണ്ട്. ഇതില്‍ പകുതിയോളം കുട്ടികളാണ്. വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗത്തു നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ചിട്ടുണ്ട്. അധിനിവിഷ്ട പ്രദേശത്തിനുള്ളില്‍ സാധാരണക്കാരെ സ്ഥിരമായി കുടിയിറക്കുന്നത് നിയമവിരുദ്ധമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച്, അത് വംശീയ ഉന്മൂലനം, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം എന്നിവയായി കണക്കാക്കാവുന്നതാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായിലി കുടിയേറ്റക്കാരുടെ 757 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ 13 ശതമാനം വര്‍ധനവ് ഉണ്ടായി. ജൂണില്‍ മാത്രം ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ 96 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. രണ്ട് പതിറ്റാണ്ടിലേറെയായി കുടിയേറ്റക്കാരുടെ ആക്രമണങ്ങളുടെ ഫലമായി ഒരു മാസത്തിനിടെ ഇത്രയധികം ഫലസ്തീനികള്‍ക്ക് പരിക്കേല്‍ക്കുന്നത് ആദ്യമാണെന്നും തമീന്‍ അല്‍ഖൈതാന്‍ പറഞ്ഞു.
2023 ഒക്ടോബറില്‍ ഗാസ യുദ്ധത്തിന് കാരണമായ ഹമാസിന്റെ ഇസ്രായില്‍ ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. ഇതിനുശേഷം, കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ കുറഞ്ഞത് 964 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ പറയുന്നു. ഇതേ കാലയളവില്‍, ഫലസ്തീനികളുടെ ആക്രമണങ്ങളിലോ സായുധ ഏറ്റുമുട്ടലുകളിലോ 53 ഇസ്രായിലികളും കൊല്ലപ്പെട്ടു. ഇതില്‍ 35 പേര്‍ വെസ്റ്റ് ബാങ്കിലും 18 പേര്‍ ഇസ്രായിലിലുമാണ് കൊല്ലപ്പെട്ടത്.