ന്യൂയോര്‍ക്ക്– ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും വൈദ്യുതിയും വെള്ളവും വിലക്കാനുള്ള ഇസ്രായിലിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഈ നീക്കം ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് യു.എന്‍ വക്താവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രിവിലേജുകളും പരിരക്ഷകളും സംബന്ധിച്ച കണ്‍വെന്‍ഷന്‍ യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ്, അതിന്റെ സ്വത്തുക്കള്‍, ആസ്തികള്‍, ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ബാധകമാണ്. യു.എന്‍ റിലീഫ് ഏജന്‍സി ഉപയോഗിക്കുന്ന സ്വത്ത് ലംഘിക്കാന്‍ പാടില്ലാത്തതാണെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് വ്യക്തമാക്കി. യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ് ഐക്യരാഷ്ട്രസഭയുടെ അവിഭാജ്യ ഭാഗമാണെന്നും സ്റ്റെഫാന്‍ ഡുജാറിക് കൂട്ടിച്ചേര്‍ത്തു.
യു.എന്‍ റിലീഫ് ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതില്‍ ഏജന്‍സി വഹിക്കുന്ന പങ്കിനെ തടസ്സപ്പെടുത്താനുമുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഇസ്രായിലിന്റെ ഈ പുതിയ നീക്കമെന്ന് യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റ് കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി വിശേഷിപ്പിച്ചു . യു.എന്‍ റിലീഫ് ഏജന്‍സി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നിരോധിക്കുകയും ഏജന്‍സിയുമായി ബന്ധപ്പെടുന്നതില്‍ നിന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്യുന്ന നിയമം 2024 ല്‍ ഇസ്രായില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. അതിനാൽ തന്നെ യു.എന്‍ റിലീഫ് ഏജന്‍സി കിഴക്കന്‍ ജറൂസലമിലാണ് പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ ജറൂസലം ഇസ്രായില്‍ അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയതായി യു.എന്‍ കണക്കാക്കുന്നു. എന്നാല്‍ മുഴുവന്‍ ജറൂസലമും രാജ്യത്തിന്റെ ഭാഗമായാണ് ഇസ്രായില്‍ കണക്കാക്കുന്നത്.
ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, മറ്റു സഹായങ്ങള്‍ എന്നിവ ഏജന്‍സി നല്‍കുന്നു. ഇസ്രായിലുമായി വളരെക്കാലമായി പിരിമുറുക്കമുള്ള ബന്ധമാണ് യു.എന്‍ റിലീഫ് ഏജന്‍സിക്കുള്ളത്. ഗാസ യുദ്ധം ആരംഭിച്ച ശേഷം ബന്ധം കൂടുതല്‍ വഷളായി. യു.എന്‍ റിലീഫ് ഏജന്‍സി പിരിച്ചുവിടണമെന്നും അതിന്റെ ഉത്തരവാദിത്തങ്ങള്‍ മറ്റ് യു.എന്‍ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും ഇസ്രായില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിന് അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍ക്ക് ഇസ്രായില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് യു.എന്‍ ഏജന്‍സിക്കുള്ള വൈദ്യുതിയും ജലവും വിലക്കുന്നത്. അന്താരാഷ്ട്ര എന്‍.ജി.ഒകളെ പരിശോധിക്കാനുള്ള പുതിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്രായിലിന്റെ ഈ നീക്കം.
അന്താരാഷ്ട്ര എന്‍.ജി.ഒകളെ ഇസ്രായില്‍ വിലക്കുന്നത് ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഐസ്ലാന്‍ഡ്, ജപ്പാന്‍, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചാല്‍ ഗാസയിലെ മൂന്നിലൊന്ന് ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും സംയുക്ത പ്രസ്താവന പുറത്തിറക്കിയ രാജ്യങ്ങള്‍ വ്യക്തമാക്കി.



