ടിവിയിലും ഓൺലൈനിലും കാണുന്ന പരസ്യങ്ങൾ കണ്ട് കുട്ടികൾക്ക് ഭക്ഷണ പാനീയങ്ങൾ വാങ്ങിക്കൊടുക്കുന്ന രക്ഷിതാവാണോ നിങ്ങൾ? എങ്കിൽ നിങ്ങളറിയേണ്ട ഒരു പ്രധാന വാർത്തയാണ് യു.കെയിൽ നിന്ന് പുറത്തുവരുന്നത്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ജങ്ക് ഫുഡുകൾ പരസ്യം ചെയ്യാൻ പാടില്ലെന്ന നിർണായക തീരുമാനമാണ് യു.കെ ഗവൺമെന്റ് കൈക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തിരിക്കുന്നു.
കുട്ടികളിലെ അമിതവണ്ണം എന്ന ഗുരുതരമായ പ്രശ്‌നം നേരിടുക എന്ന ലക്ഷ്യത്തോടെയാണ് യു.കെയിൽ ജങ്ക് ഫുഡുകളുടെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. കൊഴുപ്പും, പഞ്ചസാരയും, ഉപ്പും കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഇനിമുതൽ, കുട്ടികൾ ഉണർന്നിരിക്കുന്ന രാത്രി 9 മണിക്കു മുമ്പ് ടിവിയിലോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ കാണിക്കാൻ പാടില്ല.
യുകെയിൽ പത്ത് വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള നാല് കുട്ടികളിൽ ഒരാൾ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് കണക്കുകൾ. ഇത് വരും തലമുറയെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടുമെന്ന തിരിച്ചറിവാണ് ഗവൺമെന്റിനെ ഇത്തരമൊരു ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരസ്യനിരോധനം പ്രാബല്യത്തിൽ വരുന്നതോടെ, കുട്ടികൾ ജങ്ക് ഫുഡ് പരസ്യങ്ങൾ കാണുന്നത് എൺപത് ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കുട്ടികളുടെ കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നും, അതുവഴി ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ തടയാൻ കഴിയുമെന്നും അധികൃതർ കരുതുന്നു.
ടെലിവിഷൻ, യൂട്യൂബ്, ടിക് ടോക്, ഗെയിമിംഗ് ആപ്പുകൾ തുടങ്ങി കുട്ടികൾ കൂടുതലായി സമയം ചെലവഴിക്കുന്ന എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ഈ നിയമം ബാധകമാണ്. അതേസമയം, ചെറിയ ബിസിനസ്സുകൾക്കും, ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പരസ്യങ്ങൾക്കും ഇതിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ നീക്കത്തെ പൊതുജനങ്ങളും ആരോഗ്യവിദഗ്ദ്ധരും ഒരുപോലെ സ്വാഗതം ചെയ്തു. എന്നാൽ, പരസ്യം – ഭക്ഷ്യ വ്യവസായ രംഗങ്ങളിൽ നിന്ന് ഈ തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പരസ്യങ്ങൾ നിരോധിക്കുന്നത് തങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് അവരുടെ വാദം. എങ്കിലും, കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് സർക്കാർ എടുത്ത ഈ തീരുമാനം, ലോകരാജ്യങ്ങൾക്ക് ഒരു പുതിയ മാതൃകയായി മാറുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.