അങ്കാറ– ഇസ്രായേലുമായുള്ള എല്ലാ സാമ്പത്തിക, വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി തുർക്കി. ഇസ്രായേൽ വിമാനങ്ങൾക്ക് തുർക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായും തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയായിരുന്നു ഫിദാൻ ഈ നിർണായക തീരുമാനം അറിയിച്ചത്. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികൾക്കെതിരെ തുർക്കി സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്.
2024 മെയ് മുതൽ തുർക്കി ഇസ്രായേലുമായുള്ള വ്യാപാരം ഔദ്യോഗികമായി നിർത്തിവച്ചിരുന്നു. 7 ബില്യൺ ഡോളർ വാർഷിക വ്യാപാരം നടന്നിരുന്ന ഇരു രാജ്യങ്ങൾക്കിടയിലെ ഈ ബന്ധം, ഗാസയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തുർക്കി പൂർണമായും അവസാനിപ്പിച്ചു. തുർക്കിയുടെ വ്യാപാര മന്ത്രാലയം 2024 മെയ് 2-ന് പ്രഖ്യാപിച്ച പ്രകാരം, ഇസ്രായേലിലേക്കുള്ള എല്ലാ കയറ്റുമതിയും ഇറക്കുമതിയും നിർത്തലാക്കിയിരുന്നു. ഈ നടപടി, ഇസ്രായേൽ ഗാസയിലേക്ക് തടസ്സമില്ലാത്ത മാനുഷിക സഹായം അനുവദിക്കുന്നതുവരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് തുർക്കിയുടെ തുറമുഖങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് 2025 ഓഗസ്റ്റ് 22 മുതൽ തുർക്കി തുറമുഖ അധികൃതർ അനൗപചാരികമായി ആവശ്യപ്പെട്ടിരുന്നു. ഷിപ്പിംഗ് ഏജന്റുമാർ, കപ്പലുകൾക്കോ അവയുടെ ഉടമകൾക്കോ ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് തുറമുഖ അധികൃതർ നിർദേശിച്ചു. ഇസ്രായേലിൽ നിന്നോ അവിടേക്കോ പോകുന്ന കപ്പലുകൾക്ക് തുർക്കി തുറമുഖങ്ങളിൽ അനുമതി നിഷേധിക്കപ്പെടും. തുർക്കി പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇസ്രായേൽ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
കൂടാതെ, ഇസ്രായേലിന്റെ വിമാനങ്ങൾക്ക് തുർക്കിയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് പൂർണ വിലക്കേർപ്പെടുത്തിയതായി ഹകൻ ഫിദാൻ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. 2024 നവംബറിൽ, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വിമാനത്തിന് അസർബൈജാനിലെ COP29 കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പോകാൻ തുർക്കി വ്യോമപാതയിൽ പ്രവേശനം നിഷേധിച്ചിരുന്നു, ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്നു