വാഷിംഗ്ടൺ– മാധ്യമപ്രവർത്തകരെ ഗാസയിൽ പ്രവേശിപ്പിക്കുന്നത് കാണാൻ
ആഗ്രഹം ഉണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ സംശയമെന്ന് വിലയിരുത്തൽ.
“ഗാസയിൽ വിദേശ മാധ്യമപ്രവർത്തകർക്ക് പ്രവേശനം ലഭിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന്” അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ചയാണ് വെളിപ്പെടുത്തിയത്. ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇത്തരം അഭിപ്രായം പങ്കുവെച്ചത്. റോയിട്ടേഴ്‌സ് ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം സൈന്യത്തിന്റെ അകമ്പടി ഇല്ലാതെ മാധ്യമങ്ങളെ ഇസ്രായേൽ അനുവദിച്ചിട്ടില്ല എന്നിരിക്കെ ഇതേവരെ മൗനം പാലിച്ച ട്രംപ് ഇപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിന്റെ പിന്നിൽ എന്താണ് എന്നാണ് ചോദ്യമുയരുന്നത്.
അതിനിടെ, എല്ലാ ഫലസ്തീൻ വിഭാഗങ്ങളും അവരുടെ ആയുധങ്ങൾ ഫലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. തങ്ങൾക്ക് ഒരു സായുധ രാഷ്ട്രം വേണ്ട, ഗാസ മുനമ്പിൽ നിന്ന് ഇസ്രായിൽ സൈന്യം പൂർണമായി പിൻവാങ്ങണമെന്നും പുനർനിർമാണ പ്രക്രിയ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഒരു വർഷത്തിനുള്ളിൽ ഫലസ്തീനിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണം.
ജൂതകുടിയേറ്റ പ്രവർത്തനങ്ങളും ഫലസ്തീൻ പ്രദേശങ്ങൾ ഇസ്രായിൽ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളും നിർത്തണം. ജൂതകുടിയേറ്റക്കാരുടെ ഭീകരത നിർത്തണം. ഇസ്രായിൽ തടഞ്ഞുവെച്ച ഫലസ്തീൻ ഫണ്ടുകൾ കൈമാറണം. ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തണം. ഗാസയിൽ അടിയന്തിരവും സ്ഥിരവുമായ വെടിനിർത്തൽ നടപ്പാക്കണം.”- റാമല്ലയിൽ ജാപ്പനീസ് ഡെപ്യൂട്ടി വിദേശ മന്ത്രി മാറ്റ്‌സുമോട്ടോ ഹിസാഷിയുമായുള്ള കൂടിക്കാഴ്ചയിൽ ഫലസ്തീൻ പ്രസിഡന്റ് പറഞ്ഞു.
പട്ടിണി യുദ്ധം തടയാൻ മാനുഷിക സഹായ വിതരണം ത്വരിതപ്പെടുത്തണം. ഇസ്രായിലി ബന്ദികളെയും ഫലസ്തീൻ തടവുകാരെയും വിട്ടയക്കണം. ഫലസ്തീൻ രാഷ്ട്രം ഗാസയിൽ പൂർണ സിവിൽ, സുരക്ഷാ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരു സംവിധാനം, ഒരു നിയമം, ഒരു നിയമാനുസൃത ആയുധം എന്ന തത്വത്തിന് കീഴിൽ എല്ലാ ഫലസ്തീൻ വിഭാഗങ്ങളുടെയും ആയുധങ്ങൾ ഫലസ്തീൻ അതോറിറ്റിക്ക് കൈമാറണം – മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള ജപ്പാന്റെ നിലപാടിന് ഫലസ്തീൻ പ്രസിഡന്റ് ജപ്പാന് നന്ദി പ്രകടിപ്പിച്ചു.