വാഷിംഗ്ടണ്‍ – അധികാരം ഉപേക്ഷിക്കാനും ഗാസ മുനമ്പിന്റെ നിയന്ത്രണം കൈമാറാനും വിസമ്മതിച്ചാല്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിനോട് യോജിക്കുകയും വിശാലമായ യു.എസ് കാഴ്ചപ്പാടിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, അതേയെന്ന് ട്രംപ് സി.എന്‍.എന്നിനോട് പറഞ്ഞു. ഹമാസ് സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണോ എന്ന് ഉടന്‍ അറിയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആയുധം ഉപേക്ഷിക്കാതിരിക്കുക, ഗാസയിലെ ഫലസ്തീന്‍ നിയന്ത്രണം നിലനിര്‍ത്തുക, ബന്ദികളെ മോചിപ്പിക്കുന്നത് ചര്‍ച്ചകളുമായി ബന്ധിപ്പിക്കുക എന്നിവയില്‍ ഉറച്ചുനില്‍ക്കുന്നതിലൂടെ, തന്റെ 20 ഇന വെടിനിര്‍ത്തല്‍ പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണത്തെ പ്രായോഗിക നിരാകരണമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം വ്യാഖ്യാനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, നമുക്ക് കാണാം എന്ന് ട്രംപ് പറഞ്ഞു. സമാധാനം കൈവരിക്കുന്നതില്‍ ഹമാസ് ഗൗരവമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. തന്റെ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. അത് കൈവരിക്കാന്‍ താന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിലെത്തിയാല്‍ ഗാസ മുനമ്പിലെ ഇസ്രായിലി ബോംബാക്രമണം നിര്‍ത്തണമെന്ന് യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ പറഞ്ഞു. ലോജിസ്റ്റിക്കല്‍ വിശദാംശങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍, ബോംബാക്രമണത്തിനിടയില്‍ ബന്ദികളെ മോചിപ്പിക്കുക അസാധ്യമാണെന്ന് ഇസ്രായിലികളും മറ്റുള്ളവരും തിരിച്ചറിയുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ബോംബിംഗ് നിര്‍ത്തണം. അത്തരമൊരു കരാറില്‍ വളരെ വേഗത്തില്‍ എത്തണമെന്ന് റൂബിയോ പറഞ്ഞു.
അതേസമയം, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും പൂര്‍ണമായി മോചിപ്പിക്കുന്നതുവരെ ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയിലെ ഒരു വ്യവസ്ഥയും നടപ്പാക്കില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രായില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ആദ്യ വ്യവസ്ഥ (ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും മോചിപ്പിക്കല്‍) നടപ്പാക്കുന്നതുവരെയും അവസാനത്തെ ബന്ദിയെയും ഇസ്രായില്‍ പ്രദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതുവരെയും ഞങ്ങള്‍ മറ്റൊരു വ്യവസ്ഥയിലേക്കും നീങ്ങില്ലെന്ന് ഗാസയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ഫോറത്തിലെ അംഗങ്ങളുമായി ജറൂസലമില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു.
പ്രസിഡന്റ് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഹമാസ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍, ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും പൂര്‍ണ പിന്തുണയോടെ ഇസ്രായില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ട്രംപ് ചെലുത്തുന്ന സമ്മര്‍ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം കാത്തിരിക്കില്ല. ഹമാസിന്റെയോ ഫലസ്തീന്‍ അതോറിറ്റിയുടെയോ ഒരു പ്രതിനിധിക്കും ഗാസ ഭരിക്കുന്നതില്‍ പങ്കുണ്ടാകില്ല – നെതന്യാഹു പറഞ്ഞു.