വാഷിംഗ്ടണ്‍ – ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇതോടെ ചൈനയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് മൊത്തം തീരുവ 150% വരെ ആയേക്കും. ഇതിന് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കയറ്റുമതിക്കുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ചൈനീസ് തീരുമാനത്തിനെതിരെയാണ് യുഎസിന്റെ തീരുവ ചുമത്തൽ. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനൊപ്പമുള്ള ഉച്ചകോടി വേണ്ടെന്ന് വയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം വിശദീകരിച്ച് ചൈന വിവിധ രാജ്യങ്ങള്‍ക്ക് കത്തയച്ചതായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് ചൈനയ്‌ക്കെതിരെ വീണ്ടും തീരുവ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായി ചൈന മാറും. ഇനിമുതൽ ചൈനയിൽ നിന്ന് 0.1 ശതമാനത്തിനുമേൽ വരുന്ന റെയർ എർത്ത് കയറ്റുമതിക്ക് വിദേശ സ്ഥാപനങ്ങൾ മുൻകൂർ ലൈസൻസ് നേടിയിരിക്കണമെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ പുതിയ ഉത്തരവ്.