അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ഇന്ത്യക്കാരെ നിയമിക്കുന്നതിനെതിരെ ആഞ്ഞടിച്ച് ട്രംപ്. ബുധനാഴ്ച വാഷിങ്ടണിൽ സംഘടിപ്പിച്ച എഐ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ വിവാദപരമായ പ്രസ്താവന പങ്കുവെച്ചത്. ചൈനയിൽ ഫാക്ടറി പണിയുന്നതിനും, ഇന്ത്യക്കാരെ നിയമിക്കുന്നതിനും അപ്പുറം അമേരിക്കൻ കമ്പനികൾ അവരുടെ മാതൃരാജ്യത്തോട് കൂടുതൽ ശ്രദ്ധപുലർത്തണമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ 2024 വൈവിധ്യ വാർഷിക റിപ്പോർട്ട് പ്രകാരം ഗൂഗിളിൽ തൊഴിലനുഷ്ഠിക്കുന്നവരിൽ 42.9 ശതമാനം ഏഷ്യൻ വംശജരാണ്. അമേരിക്കൻ വംശജരാവട്ടെ വെറും 1.6 ശതമാനം മാത്രമേ ഉള്ളു എന്നതും ശ്രദ്ധേയമാണ്. കൂടുതൽ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ ടെക് ഭീമന്മാർ അവികസിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ നിയമിക്കുന്നതും അവികസിത രാജ്യങ്ങളിലേക്ക് ഉൽപ്പാദന യൂണിറ്റുകൾ മാറ്റി സ്ഥാപിക്കുന്നതും.
അമേരിക്കൻ കമ്പനിയായ ആപ്പിളിന്റെ ഉൽപ്പാദന യൂണിറ്റുകൾ, വിതരണ ശൃംഖല തുടങ്ങിയവ ഉൾപ്പെടെ 80 ശതമാനത്തിലധികവും ചൈനയുമായി ബന്ധപ്പെട്ടാണ്. അമേരിക്കയിലെ 2,000 ത്തിനടുത്ത് കമ്പനികൾ ചൈനയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടാണ് ഇരിക്കുന്നത്.
ട്രംപിന്റെ അടി ആഗോളവാദ മനഃസ്ഥിതിക്കും
ടെക് കമ്പനികളുടെ ഒരു അപ്രഖ്യാപിത മുദ്രാവാക്യമാണ് ആഗോളവാദ മനഃസ്ഥിതി അഥവാ ഗ്ലോബലിസ്റ്റ് മൈൻഡ്സെറ്റ്. എല്ലാവരെയും അവരുടെ സംസ്കാരത്തെയും ഉൾകൊള്ളുക എന്ന മഹത്തായ ആശയമാണത്. എന്നാൽ, അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളുടെ ഇത്തരം മനോഗതികളെ ചോദ്യം ചെയ്യുക കൂടി ഉണ്ടായി. അമേരിക്കൻ കമ്പനികളുടെ ആഗോളവാദ മനഃസ്ഥിതി കാരണം അമേരിക്കൻ വംശജർക്ക് അവരെ അവഗണിക്കുന്നതായാണ് അനുഭവപ്പെടുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ സ്വാതന്ത്ര്യം കൈമുതലാക്കി അമേരിക്കൻ കമ്പനികൾ വലിയ തോതിൽ സമ്പാദിക്കുകയും, എന്നാൽ ചൈനയിൽ ഫാക്ടറികൾ പണിയുകയും, ഇന്ത്യക്കാരെ തൊഴിലാളികളായി നിയമിക്കുകയും, അയർലാന്റിൽ ലാഭം വെട്ടികുറക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെയുള്ള സാധാരണക്കാരെ പിരിച്ചുവിട്ടും നീക്കം ചെയ്യുകയും ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ആ കാലം കഴിഞ്ഞതായും പരിപാടിക്കിടയിൽ അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സാങ്കേതിക വിദ്യകൾ അമേരിക്കക്ക് വേണം. നിങ്ങൾ അമേിക്കയെ ഒന്നാമത് എത്തിക്കണം എന്നും ട്രംപ് പറഞ്ഞു.
ദേശഭക്തിക്കായി ജീനിയസ് ഇന്റലിജൻസ്
എഐയുടെ മത്സരം ജയിക്കണമെങ്കിൽ ദേശഭക്തി സിലിക്കൺ വാലിയുടെ അപ്പുറത്തേക്കും വളരണമാണെന്നാണ് ട്രംപ് വാദിക്കുന്നത്. അമേരിക്കയുടെ സാങ്കേതിക വിദ്യകളുടെ തലസ്ഥാനമാണ് സിലിക്കൺ വാലി. ഇതിന് പുറത്തേക്കും രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളും സാങ്കേതിക വിദ്യയുടെ കേന്ദ്രങ്ങൾ ആവണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ എഐയെ ആർട്ടിഫിഷ്യൽ എന്ന് വിളിച്ച് അപമാനിക്കരുത് എന്നാണ് ട്രംപിന്റെ പക്ഷം. സാങ്കേതികവിദ്യയുടെ ബുദ്ധിയും ശക്തിയും നന്നായി കാണിക്കുന്ന ഒരു പേരിനെയാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു. അത് ആർട്ടിഫിഷ്യൽ എല്ല ജീനിയസ്സ് ആണെന്നും ട്രംപ് കൂട്ടിചേർത്തു.
സുപ്രധാനമായ മൂന്ന് ഉത്തരവുകൾ
ട്രംപ് പങ്കെടുത്ത എഐ ഉച്ചകോടിയിൽ മൂന്ന് പുതിയ ഉത്തരവുകൾക്കാണ് ഒപ്പ് വെച്ചത്. അമേരിക്കയിലെ കൃത്രിമ ബുദ്ധിയുടെ വളർച്ച വേഗത്തിലാക്കാനും, അതിന് തടസ്സം നിൽക്കുന്ന പ്രയാസങ്ങളെ കുറക്കുക എന്നതാണ് ഒന്നാമത്തെ ഉത്തരവ്. ഈ പദ്ധതിയെ ട്രംപ് വിശേഷിപ്പിച്ചതാകട്ടെ ‘വിന്നിങ് ദ റൈസ്’ എന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി എഐക്ക് വേണ്ട ഡാറ്റാസെന്ററുകൾ പോലുള്ള സൗകര്യങ്ങൾ പണിക്കെഴിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റൊരു പ്രധാന ഉത്തരവായി ട്രംപ് ഒപ്പ് വെച്ചത്, എഐയുടെ വികസനത്തിനായി ഫെഡറൽ ഫണ്ടിങ് പ്രാത്സാഹിപ്പിക്കും എന്നതാണ്. ഇത് പ്രധാനമാണ് എന്ന് ട്രംപ് പറയുന്നതോടൊപ്പം തന്നെ ഇതിലെ തമാശയും നാം കാണേണ്ടതുണ്ട്. ഈ ഉത്തരവ് വഴി രാഷ്ട്രീയ പക്ഷപാതിത്വം ഇല്ലാത്ത വോക്ക് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാത്ത എഐ ടൂളുകളെ ഉണ്ടാക്കാൻ ആണ് ട്രംപ് ഉദ്ദേശിക്കുന്നത്. വോക്ക് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാത്ത ട്രംപിന്റെ ആശയം, ജനാധിപത്യ മര്യാദ പാലിച്ച് നമുക്ക് ഉൾക്കൊള്ളാമെങ്കിലും, പഴയ അമേരിക്കൻ ഭരണകൂടം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നു എന്ന് പറഞ്ഞ് ട്രംപ് അവരെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
സംഭവം വൈവിധ്യങ്ങളോടുള്ള ട്രംപിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും അസഹിഷ്ണുത വെളിവായെങ്കിലും എഐ ഉപകരണങ്ങൾ രാഷ്ട്രീയ പരമായി സന്തുലിതത്വം പാലിക്കണമെന്നത് ഒരു നല്ല ആശയം ആണെന്ന് തന്നെ സമ്മതിക്കേണ്ടി വരും. അമേരിക്കയുടെ എഐ ഉപകരണങ്ങൾ ആഗോള തലത്തിൽ മത്സരിക്കാൻ പ്രാപ്തമാക്കുകയും അമേരിക്കയുടെ അകത്ത് തന്നെ സ്വീകാര്യത ലഭിക്കുന്നതും കേന്ദ്രീകരിച്ചാണ് മൂന്നാമത്തെ ഉത്തരവിൽ ട്രംപ് ഒപ്പ് വെച്ചിരിക്കുന്നത്.
എഐ ഉപകരണങ്ങളെ തദ്ദേശീയവത്കരിക്കന്ന ഈ ഉത്തരവ് ആയിരിക്കും ഇന്ത്യക്കാരുടെ പണി പോകാൻ സാധ്യതയുള്ളതായി വിദഗ്ദർ ചൂണ്ടികാണിക്കുന്നത്. ഇന്ത്യക്കാരുടെ മാത്രമായിരിക്കില്ല വിദേശികളായവരുടെ മുഴുവൻ പണി പോകും എന്നും അക്ഷേപം ഉയരുന്നുണ്ട്. പക്ഷേ പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള ഒരു അഴിച്ചുപണി നടത്തില്ലെന്നും അത് കമ്പനിയെ സാരമായി ബാധിക്കും എന്നതിനാൽ ഉടൻ അങ്ങനെ സംഭവിക്കില്ല എന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. എന്നാൽ ഇനിയും ട്രംപ് അധികാരത്തിലെത്തുകയാണെങ്കിൽ തൊഴിലാളികളുടെ കാര്യം അനിശ്ചിതത്വലാവും.