വാഷിംഗ്ടണ്‍ – മുതിര്‍ന്ന ഹമാസ് നേതാവിനെ കൊലപ്പെടുത്തി ഇസ്രായില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചോ എന്ന് തന്റെ ഭരണകൂടം അന്വേഷിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ കമാന്‍ഡറായ റാഇദ് സഅദിനെ ഇസ്രായില്‍ വധിച്ചത് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ നിലനില്‍പിനെ ഭീഷണിപ്പെടുത്തുന്നതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ ഞായറാഴ്ച പറഞ്ഞു. ഗാസ നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള റാശിദ് സ്ട്രീറ്റില്‍ ജീപ്പിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റാഇദ് സഅദ് കൊല്ലപ്പെട്ടതായി ഇസ്രായില്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. വാഹനത്തിനും പരിസരത്തിനും നേരെ ഡ്രോണ്‍ മൂന്ന് മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണത്തില്‍ ജീപ്പിനകത്തുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും ഇസ്രായില്‍ പറഞ്ഞു.
ഗാസയിലെ അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്സ് ഇതിനകം പ്രവര്‍ത്തനക്ഷമമാണെന്നും കൂടുതല്‍ രാജ്യങ്ങള്‍ അതില്‍ ചേരുമെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. കൂടുതല്‍ രാജ്യങ്ങള്‍ അതില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ ഗാസ അന്താരാഷ്ട്ര സേനയില്‍ പങ്കാളിത്തം വഹിക്കുന്ന രാജ്യങ്ങളുണ്ട്. ഞാന്‍ ആവശ്യപ്പെടുന്ന എത്ര സൈനികരെയും അവര്‍ അയക്കും. 2021 ജനുവരി ആറിന് യു.എസ് കോണ്‍ഗ്രസ് ആസ്ഥാനത്തിനു (ക്യാപിറ്റോള്‍) നേരെയുണ്ടായ ആക്രമണത്തിന് മുന്നോടിയായി താന്‍ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ ബി.ബി.സിക്കെതിരെ സമീപഭാവിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.



