വാഷിംഗ്ടൺ– അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നോർവീജിയൻ നൊബേൽ കമ്മിറ്റി മനഃപൂർവം ഒഴിവാക്കിയതല്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് പത്രം. ഇസ്രായിലും ഹമാസും തമ്മിലുള്ള വെടി നിർത്തൽ കരാർ പ്രഖ്യാപിക്കുന്നതിനും ട്രംപിന്റെ മധ്യസ്ഥതയിൽ ബന്ദികളെ മോചിപ്പിക്കുന്നതിനും രണ്ട് ദിവസം മുമ്പാണ് നൊബേൽ കമ്മിറ്റി തീരുമാനമെടുത്തതെന്നും സമയത്തിന്റെ പ്രശ്‌നമാണെന്നും ന്യൂയോർക്ക് പോസ്റ്റ് വ്യക്തമാക്കി.
എന്നാൽ ട്രംപ് ആഗ്രഹിച്ചതുപോലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിനെ തുടർന്ന് വൈറ്റ് ഹൗസ് വിമർശനവുമായി രംഗത്തെത്തി. ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തത് നോർവീജിയൻ നൊബേൽ കമ്മിറ്റി സമാധാനത്തിനേക്കാൾ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്ന് തെളിഞ്ഞതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു. ലോകത്ത് സമാധാനം നിലനിർത്താൻ പ്രസിഡന്റ് കരാറുകൾ ഉണ്ടാക്കുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി. താൻ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് പ്രസ്താവിച്ച് ട്രംപ് തന്നെ നിരവധി തവണ രംഗത്ത് വന്നിരുന്നു. ഹമാസ്-ഇസ്രായിൽ വിഷയത്തിൽ സമാധാന ചർച്ചകൾക്ക് തീരുമാനമായപ്പോഴും ട്രംപിന്റെ നൊബേൽ ആശ അവാർഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് വരെ ലോകത്തെ ആകാംശയുടെ മുൾമുനയിൽ നിർത്തിയിരുന്നു.
2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെനിസ്വേലയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവും പ്രതിപക്ഷ നേതാവുമായ മരിയ കൊറിന മച്ചാഡോക്കാണ് ലഭിച്ചത്. വെനിസ്വേലൻ ജനതയുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കാനുള്ള പോരാട്ടത്തിനുമുള്ള അംഗീകാരമായാണ് 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം മരിയ കൊറിനക്ക് നൽകിയതെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി.
നൊബേൽ സമ്മാനത്തിനുള്ള നോമിനേഷനുകൾക്കുള്ള അവസാന തീയതി എല്ലാ വർഷവും ജനുവരി 31 ആണ്. ആ ദിവസം, ക്രിസ്മസ് രാവെന്നപോലെ ഞങ്ങൾ നോമിനികളുടെ പട്ടിക തുറക്കുന്നു. ഷോർട്ട്‌ലിസ്റ്റ് തയാറാക്കാനായി ഞങ്ങൾ എല്ലാ നോമിനികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കാൻ തുടങ്ങുന്നു. ഓരോ നോമിനികളുടെയും പശ്ചാത്തല വിവരങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങളെ സഹായിക്കുന്ന ലോകമെമ്പാടുമുള്ള ഗവേഷകർ തങ്ങൾക്കുണ്ടെന്നും നോമിനേഷൻ പ്രക്രിയയെ കുറിച്ച് നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാട്നെ ഫ്രിഡ്നെസ് വിശദീകരിച്ചു.