കയ്‌റോ – ഈജിപ്തില്‍ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ട് നഗരമായ ശറമുശ്ശൈഖില്‍ ഇരുപതിലേറെ ലോക നേതാക്കള്‍ പങ്കെടുത്ത സമാധാന ഉച്ചകോടിക്കിടെ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥരായ ഈജിപ്തും ഖത്തറും തുര്‍ക്കിയും ഒപ്പുവെച്ചു.
ഗാസ കരാറിന്റെ രണ്ടാം ഘട്ടം ഇതിനകം ആരംഭിച്ചതായയും ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഈജിപ്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉച്ചകോടിക്കു മുന്നോടിയായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു.
മിഡില്‍ ഈസ്റ്റിന് ഇത് ഒരു മികച്ച ദിവസമാണെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് ട്രംപ് പറഞ്ഞു. ഗാസ കരാറിനെ കുറിച്ചുള്ള രേഖ സമഗ്രമാണ്. അത് അടിസ്ഥാന തത്വങ്ങളും ചട്ടങ്ങളും വ്യക്തമാക്കുന്നു. ഗാസ കരാറിന്റെ രണ്ടാം ഘട്ടം ഇതിനകം ആരംഭിച്ചു. ഗാസ പദ്ധതിയുടെ ഘട്ടങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശറമുശ്ശൈഖില്‍ സന്നിഹിതരായ നേതാക്കളുമായി ഗാസയുടെ പുനര്‍നിര്‍മാണത്തെ കുറിച്ച് താന്‍ ചര്‍ച്ച ചെയ്യും. ഗാസയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ധാരാളം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇസ്രായിലി ബന്ദികളുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇസ്രായിലുമായി സഹകരിച്ച് നടക്കുന്നുണ്ട്.
എന്റെ ജീവിതകാലം മുഴുവന്‍, ഞാന്‍ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഇല്ലാതെ ഗാസ കരാര്‍ സാധ്യമാകുമായിരുന്നില്ല. ഇറാന്‍ ഗാസ കരാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുപ്പമേറിയ ഉപരോധങ്ങളുമായി മുന്നോട്ടുപോകാന്‍ ഇറാന് കഴിയില്ല. ഉപരോധങ്ങള്‍ കാരണം ഇറാന്‍ സമാധാന പ്രക്രിയയില്‍ ചേരുമെന്ന് താന്‍ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
ആറ് മണിക്കൂറില്‍ താഴെ നീണ്ടുനിന്ന സന്ദര്‍ശനത്തിന് ശേഷം ഇസ്രായിലില്‍ നിന്ന് മൂന്ന് മണിക്കൂര്‍ വൈകിയാണ് യു.എസ് പ്രസിഡന്റ് ഈജിപ്തില്‍ എത്തിയത്. യു.എസ് പ്രസിഡന്റ് എത്തുന്നതിനു മുമ്പ് ലോക നേതാക്കളുമായും പ്രതിനിധി സംഘത്തലവന്മാരുമായും ഈജിപ്ഷ്യന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ജോര്‍ദാന്‍ രാജാവ്, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍, ഖത്തര്‍ അമീര്‍, ജര്‍മന്‍ ചാന്‍സലര്‍, ഇറ്റലി, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍, സൗദി വിദേശ മന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പുനര്‍നിര്‍മ്മാണ ശ്രമങ്ങളും മാനുഷിക സഹായവും ഉള്‍പ്പെടെ ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഏകോപനം നടത്താനാണ് യോഗം ചേര്‍ന്നതെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി വക്താവ് പറഞ്ഞു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂത ആഘോഷങ്ങള്‍ കാരണം ശറമുശ്ശൈഖ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹമാസും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.