വാഷിംഗ്ടൺ: ഗാസയിൽ ഹമാസിന്റെ കസ്റ്റഡിയിൽ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. “ഹമാസിനെ നേരിടുകയും പൂർണമായി തകർക്കുകയും ചെയ്യുമ്പോൾ മാത്രമേ ബന്ദികളുടെ മോചനം സാധ്യമാകൂ. ഇത് എത്രയും വേഗം സംഭവിക്കുന്നുവോ, അത്രയും വിജയസാധ്യത കൂടുതലാണ്,” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. “ഞാൻ നൂറുകണക്കിന് ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ നടത്തി, ഇസ്രായിലിലേക്കും അമേരിക്കയിലേക്കും തിരികെ കൊണ്ടുവന്നു. ആറ് മാസത്തിനുള്ളിൽ ആറ് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായി തകർത്തതും ഞാനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിൽ 60 ദിവസത്തെ വെടിനിര്‍ത്തലിനും ഇസ്രായിലി ബന്ദികളെ രണ്ട് ഘട്ടങ്ങളിലായി മോചിപ്പിക്കുന്നതിനും സംബന്ധിച്ച് ഈജിപ്ത്, ഖത്തർ മധ്യസ്ഥർ കയ്റോയിലെ ഹമാസ് പ്രതിനിധി സംഘത്തിന് പുതിയ നിർദേശം നൽകിയതായി ഫലസ്തീൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. യു.എസ്. ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ സമീപകാല നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ സ്ഥിരമായ വെടിനിര്‍ത്തൽ കൈവരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായിലിന്റെ പദ്ധതിക്ക് സുരക്ഷാ കൗൺസിൽ അംഗീകാരം നൽകിയതിന് പിന്നാലെയാണ് പുതിയ വെടിനിര്‍ത്തൽ നിർദേശം ഉയർന്നത്.