ഗാസ: ഗാസയില്‍ നിന്ന് പത്തു ലക്ഷത്തോളം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാനുള്ള പദ്ധതി നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം പ്രവര്‍ത്തിക്കുന്നതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി ഗൗരവമായ പരിഗണനയിലാണെന്നും അമേരിക്ക ലിബിയന്‍ നേതാക്കളുമായി ഇതേകുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ള അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ചാനല്‍ പറഞ്ഞു. ഫലസ്തീനികളെ ലിബിയയില്‍ സ്ഥിരിമായി പുനരധിവസിപ്പിക്കുന്നതിന് പകരമായി, പത്തു വര്‍ഷം മുമ്പ് മരവിപ്പിച്ച ബില്യണ്‍ കണക്കിന് ഡോളറിന്റെ ഫണ്ടുകള്‍ അമേരിക്കന്‍ ഭരണകൂടം ലിബിയക്ക് കൈമാറുമെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ചാനല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈനിക സമ്മര്‍ദം തുടരുകയാണ്. 36 മണിക്കൂറിനുള്ളില്‍ കുറഞ്ഞത് 250 ഫലസ്തീനികളെ ഇസ്രായില്‍ കൊന്നൊടുക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയുമായുള്ള ഇസ്രായിലിന്റെ വിയോജിപ്പ് പ്രകടവും വ്യക്തവും മിക്കവാറും പരസ്യവുമായി മാറിയ സമയത്താണ് ഇസ്രായില്‍ ഗാസയില്‍ കൂട്ടക്കുരുതി നടത്തുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഭരണകൂടങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമായിട്ടുണ്ട്.
നെതന്യാഹുവിനോട് ട്രംപിന് നീരസവും ദേഷ്യവുമുണ്ടെന്ന് മുന്‍ ഇസ്രായിലി ഡെപ്യൂട്ടി വിദേശ മന്ത്രിയും അമേരിക്കയിലെ മുന്‍ ഇസ്രായില്‍ അംബാസഡറുമായ ഡാനി അയലോണ്‍ പറഞ്ഞു. നെതന്യാഹുവിന്റെ പ്രവൃത്തികളെ ട്രംപ് അംഗീകരിക്കുന്നില്ല. അവയെ പഴയ മാനസികാവസ്ഥയായി ട്രംപ് കണക്കാക്കുന്നു. ഇസ്രായില്‍ പ്രധാനമന്ത്രി ഒഴികെ ലോകം മുഴുവന്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി അദ്ദേഹംവിശ്വസിക്കുന്നു. അതുകൊണ്ടാണ് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ നെതന്യാഹുവിനെ മാറ്റിനിര്‍ത്താന്‍ ട്രംപ് തീരുമാനിച്ചതെന്നും ഡാനി അയലോണ്‍ പറഞ്ഞു.
ഗാസയിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധി ആളുകള്‍ അവിടെ പട്ടിണി കിടക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിന്റെ സമാപനത്തില്‍, ഇന്നലെ അബുദാബിയില്‍ വെച്ച് ട്രംപ് പറഞ്ഞിരുന്നു.