ന്യൂദൽഹി: മധ്യപൗരസ്ത്യ ദേശത്ത് സംഘർഷം കൂടുതൽ ഉരുണ്ടു കൂടുന്ന സഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഫ്രാൻസ്, ഇന്ത്യ, റഷ്യ, പോളണ്ട്, ബ്രിട്ടൻ, ജർമനി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഇസ്രായിൽ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ, ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു.
ഏപ്രിൽ ഒന്നിന് സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ ഇസ്രായിൽ നടത്തിയ ആക്രണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അംഗങ്ങളാണ് ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ നീക്കം നടത്തുന്നുണ്ട്.
സിറിയൻ ആക്രമണത്തിന് ‘ഇസ്രായിൽ ശിക്ഷിക്കപ്പെടുമെന്നാണ് ഇറാൻ നേതാവ് ഖുമൈനിയുടെ മുന്നറിയിപ്പ്. ഇസ്രായിലിനെതിരെ ഇറാൻ തിരിച്ചടിക്കുമെന്ന സഹചര്യം വന്നതോടെയാണ് രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഇറാൻ, ലെബനോൻ, ഇസ്രായിൽ, ഫലസ്തീൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഫ്രഞ്ച്, യൂറോപ്പ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ ആസ്ഥാനമായുള്ള നയതന്ത്രജ്ഞരുടെ ബന്ധുക്കൾ ഫ്രാൻസിലേക്ക് മടങ്ങുമെന്നും ഫ്രഞ്ച് സിവിൽ സർവീസുകാർക്ക് ഇപ്പോൾ പ്രസ്തുത രാജ്യങ്ങളിലും പ്രദേശങ്ങളിലും ദൗത്യങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കുണ്ടെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇറാനിൽ നിന്ന് ഇസ്രായിൽ പ്രദേശത്തിന് നേരെ ആക്രമണം നടത്താനുള്ള സാധ്യത കാരണം ഇസ്രായിലിലേക്കും ഫലസ്തീനിലേക്കും അത്യാവശ്യ യാത്രകൾ ഒഴികെ ബാക്കിയുള്ളവ ഒഴിവാക്കണമെന്ന് യു.കെ പ്രസ്താവിച്ചു.
ഇസ്രായേൽ, ലെബനൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് റഷ്യയും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.
ഫലസ്തീൻ-ഇസ്രായിൽ സംഘർഷമേഖലയിലും ലെബനനും ഇസ്രായേലിനും ഇടയിലുള്ള ‘ബ്ലൂ ലൈൻ’ പ്രദേശത്തും സ്ഥിതിതിഗതികൾ പ്രവചനാതീതമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രായിൽ, ഫലസ്തീൻ, ലെബനോൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.
സൈനിക പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നത് തള്ളിക്കളയാനാവില്ല, ഇത് ഈ മൂന്ന് രാജ്യങ്ങളിൽനിന്ന് പുറത്തുകടക്കുന്നതിന് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വ്യോമഗതാഗതത്തിൽ കാര്യമായ നിയന്ത്രണങ്ങളുണ്ടായേക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
“മേഖലയിലെ നിലവിലുള്ള സാഹചര്യം” കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാരോട് ഇറാൻ, ഇസ്രായിൽ എന്നീ രാജ്യങ്ങളിലേക്ക് പോകരുതെന്ന് ഇന്ത്യ നിര്ദ്ദേശിച്ചു.
ഇരു രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യൻ പൗരന്മാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതലുകൾ പാലിക്കണമെന്നും അവരുടെ യാത്രകൾ പരമാവധി പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, പിരിമുറുക്കം വർദ്ധിക്കുന്നത് എക്സിറ്റ് റൂട്ടുകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജർമ്മനി തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ മുന്നറിയിപ്പ് നൽകി.
“നിലവിലെ സംഘർഷങ്ങളിൽ, പ്രത്യേകിച്ച് ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ജർമ്മൻ പൗരന്മാർ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുന്നതിനും ചോദ്യം ചെയ്യപ്പെടുന്നതിനും നീണ്ട ജയിൽ ശിക്ഷകൾ നൽകുന്നതിനുമുള്ള സാധ്യതയുണ്ടെന്നും ജർമനി പുറപ്പെടുവിച്ച പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
ജർമ്മൻ മുൻനിര എയർലൈൻ ലുഫ്താൻസ വ്യാഴാഴ്ച വരെ ടെഹ്‌റാനിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചു. ഈ സമയത്ത് ഇറാനിയൻ വ്യോമാതിർത്തി ഉപയോഗിക്കില്ലെന്നും അധികൃതർ അറിയിച്ചു.