ഇറാനില്‍ ഭരണ മാറ്റത്തെ കുറിച്ച് സൂചന നല്കി ട്രംപ്
തെഹ്റാന് – കളി അവസാനിച്ചിട്ടില്ലെന്നും തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ലെന്നും ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിട്ടും ഇറാന് ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നിലനിര്‍ത്തുന്നുണ്ട്. ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടാലും, കളി അവസാനിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം, പ്രാദേശിക അറിവ്, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവ നിലനില്ക്കും. രാഷ്ട്രീയവും പ്രവര്‍ത്തനപരവുമായ സംരംഭം ഇപ്പോള്‍ ബുദ്ധിപൂര്‍വം കളിക്കുകയും അന്ധമായ ആക്രമണങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന കക്ഷിയുടെ (ഇറാന്) പക്കലുണ്ട്. ആശ്ചര്യങ്ങള്‍ തുടരുമെന്നും അലി ഷംഖാനി എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ ഭരണമാറ്റത്തെ കുറിച്ച സൂചന നല്കി. നിലവിലെ ഇറാന് ഭരണകൂടത്തിന്റെ നിലനില്പ് ചോദ്യം ചെയ്തുകൊണ്ടും ഇറാന്റെ മഹത്വം പുനഃസ്ഥാപിക്കുന്നതില്‍ നിലവിലെ ഇറാന് ഭരണകൂടം പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രദ്ധേയമായ പ്രസ്താവന നടത്തി. ഇറാനെ വീണ്ടും മഹത്തരമാക്കാന്‍ നിലവിലെ ഇറാന് ഭരണകൂടത്തിന് കഴിയുന്നില്ലെങ്കില്‍, ഇറാന് ഭരണകൂടത്തില്‍ എന്തുകൊണ്ട് മാറ്റം സംഭവിക്കുന്നില്ല? – പ്രകോപനപരമായ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും മേഖലയിലെ രാഷ്ട്രീയ, സൈനിക സമ്മര്‍ദങ്ങളും ഇറാന് നേതൃത്വത്തിന്റെ ഭാവിയെ കുറിച്ച അന്താരാഷ്ട്ര ചര്‍ച്ചകളും വര്‍ധിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
അതിനിടെ, ഇറാന് സൈന്യത്തിന്റെ 71 -ാം കവചിത ബ്രിഗേഡിന്റെ കമാന്‍ഡറായ കേണല്‍ അലി ഹുസൈന് മുഹമ്മദി കൊല്ലപ്പെട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ വ്യോമാക്രമണത്തിലാണ് മുഹമ്മദി കൊല്ലപ്പെട്ടതെന്ന് ഇറാനിലെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ മധ്യ ഇറാനിലെ യസ്ദ് പ്രവിശ്യയിലെ ഇറാന് റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച ഇസ്രായില്‍ സൈന്യവും വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തിലാണ് കേണല്‍ അലി ഹുസൈന് മുഹമ്മദി കൊല്ലപ്പെട്ടത്. ഇറാന് ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ പങ്കെടുത്ത യു.എസ് യുദ്ധവിമാനങ്ങള്‍ ഇറാനിലെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രാമധ്യേ സിറിയയുടെയും ഇറാഖിന്റെയും വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.