വാഷിംഗ്‌ടൺ: എട്ട് ദിവസം മാത്രം നീണ്ടു നിൽക്കുന്ന ബഹിരാകാശ ദൗത്യത്തിനായി കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ബോയിംഗ് കമ്പനി വികസിപ്പിച്ച സ്റ്റാർ ലൈനർ പേടകത്തിൽ നാസയുടെ ബഹിരാകാശ ഗവേഷകരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, ചില സാങ്കേതിക തകരാറുകൾ കാരണം ഇവർ ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു.
ഒമ്പത് മാസങ്ങൾക്ക് ശേഷം ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ മാർച്ച് 18ന് ഇരുവരും ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്‌തു. ബരിഹാകാശ ഗവേഷകർ കുടുങ്ങിപ്പോയതിൽ പല തരത്തിലുള്ള കാരണങ്ങൾ പലരും ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ കാരണങ്ങളാലാണ് സുനിതയും വിൽമോറും കുടുങ്ങിയതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും കുറ്റപ്പെടുത്തിയിരുന്നത്. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന് നേരെയാണ് ഇരുവരും വിരൽ ചൂണ്ടിയത്.
എന്നാൽ, ഇത്രയും കാലം ബഹിരാകാശത്ത് തങ്ങേണ്ടിവന്നതിന്റെ കാരണം രാഷ്‌ട്രീയമല്ലെന്നാണ് സുനിതയും വിൽമോറും പറയുന്നത്. ഇപ്പോഴിതാ ബഹിരാകാശത്ത് ഇത്രയും മാസം കഴിയേണ്ടി വന്നതിന്റെ യഥാർത്ഥ കാരണക്കാർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിതയും വിൽമോറും.
‘ബഹിരാകാശ യാത്ര പരമാവധി പ്രയോജനപ്പെടുത്താം എന്നാണ് ആദ്യം തോന്നിയത്. എന്നാൽ, മടക്കയാത്ര ദീർഘിപ്പിച്ചു എന്ന് കേട്ട നിമിഷം കുടുംബത്തെക്കുറിച്ചുള്ള ചിന്തയാണ് മനസിലേക്കെത്തിയത്. എന്നാൽ, ബോയിംഗ് ആണ് ഞങ്ങളെ പ്രതിസന്ധിയിലാക്കിയത് എന്ന ധാരണ ഞങ്ങൾക്കില്ല. ബഹിരാകാശ ദൗത്യത്തിന്റെ തയ്യാറെടുപ്പുകൾക്കിടെ ചില കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും നടത്താനും എനിക്കുൾപ്പെടെ സാധിച്ചില്ല. അപ്പോൾ ഒരു പരിധിവരെ ഞങ്ങളെല്ലാവരും അതിൽ കുറ്റക്കാരാണ്. സിഎഫ്‌ടിയുടെ കമാൻഡർ എന്ന നിലയിൽ ഞാൻ ചോദിക്കേണ്ടിയിരുന്ന നിരവധി ചോദ്യങ്ങളുണ്ട്. അക്കാര്യത്തിൽ ഞാനും കുറ്റക്കാരനാണ്. അത് ഞാൻ രാജ്യത്തോട് സമ്മതിക്കുന്നു.
ഇനി ഇക്കാര്യത്തിൽ ആരുടെയും മേൽ വിരൽചൂണ്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പകരം, പഴയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ് താൽപ്പര്യം. ബഹിരാകാശത്ത് നിന്ന് ഞങ്ങളെ മടക്കിയെത്തിക്കാൻ ട്രംപും മസ്‌കും ചെയ്‌ത കാര്യങ്ങൾക്ക് നന്ദിയുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ദേശീയ നേതാക്കൾ ഉൾപ്പെടുന്നത് നമ്മുടെ രാജ്യത്തിന് നല്ലതാണെന്നാണ് ഞാൻ കരുതുന്നത്’, വിൽമോർ പറഞ്ഞു. ഇതേകാര്യം തന്നെയാണ് സുനിത വില്യംസും പറഞ്ഞത്.