ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ ബോംബ് സ്‌ഫോടനത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ദക്ഷിണ ലെബനോനില്‍ ലബൂന പ്രദേശത്തെ ഒരു തുരങ്കം സൈനികര്‍ പരിശോധിക്കുന്നതിനിടെ ഹിസ്ബുല്ല അവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സൈന്യം പറഞ്ഞു. സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് ഇസ്രായില്‍ ഇപ്പോഴും അന്വേഷിക്കുകയാണ്. ആക്രമണം ഹിസ്ബുല്ലയുടെ കെണിയല്ലെന്നും പകരം ഇസ്രായില്‍ സൈന്യം മുമ്പ് അവിടെ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ മൂലമുണ്ടായതാണെന്നും സൈന്യം സംശയിക്കുന്നുണ്ട്.
ഒക്‌ടോബര്‍ ഒന്നിനാണ് ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ യുദ്ധം ആരംഭിച്ചത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയില്‍ ഇസ്രായിലും ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കുകയും കഴിഞ്ഞ മാസം 27 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വരികയും ചെയ്തു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന് 60 ദിവസം ഇസ്രായില്‍ സൈന്യം ദക്ഷിണ ലെബനോനില്‍ നിലയുറപ്പിക്കുമെന്ന് കരാര്‍ പറയുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ദക്ഷിണ ലെബനോനിലെ ഏതാനും ഗ്രാമങ്ങളില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശബ്ആക്കു സമീപം അല്‍മജീദിയ കൃഷിയിടത്തില്‍ ഒലീവ് പറിക്കുന്നതിനിടെ ആലുസനാന്‍ കുടുംബത്തില്‍ പെട്ട ലെബനോനികളെ ഇസ്രായില്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി ഹിസ്ബുല്ലക്കു കീഴിലെ അല്‍മനാര്‍ ചാനല്‍ പറഞ്ഞു. ബെയ്ത് ലീഫ് ഗ്രാമത്തില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേര്‍ സര്‍യാന്‍ ഗ്രാമത്തില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ ഒരാളും മരണപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ശത്രു തുടര്‍ച്ചയായി ലംഘിക്കുന്നത് തടയാനും കൈവശപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് ശത്രുവിന്റെ പിന്‍മാറ്റം ഉറപ്പാക്കാനും വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥം വഹിച്ച അമേരിക്കയും ഫ്രാന്‍സും ഗൗരവമായി പ്രവര്‍ത്തിക്കണമെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group