തെഹ്‌റാന്‍ – ഇസ്രായിലുമായുള്ള യുദ്ധത്തില്‍ അവശേഷിച്ച സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ ഇറാനില്‍ രണ്ട് റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാന്‍-ഇസ്രായില്‍ യുദ്ധത്തിനിടെ പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച പടിഞ്ഞാറന്‍ ഇറാനിലെ ഖൊറമാബാദില്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തില്‍ അവശേഷിച്ച സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ റെവല്യൂഷനറി ഗാര്‍ഡിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി റെവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയെ ഉദ്ധരിച്ച് തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ജൂണ്‍ 13 ന് ഇസ്രായില്‍ ഇറാനെതിരെ യുദ്ധം ആരംഭിച്ചു. ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന അമേരിക്കയുടെയും പശ്ചാത്യ രാജ്യങ്ങളുടെയും അവകാശവാദം ഇറാന്‍ നിരന്തരം നിഷേധിച്ചുവരുന്നു. ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാന്‍ ആണവ പദ്ധതിയിലെ ശാസ്ത്രജ്ഞരും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കുറഞ്ഞത് 936 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇറാന്‍ ജുഡീഷ്യറി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 24 ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ശനിയാഴ്ച തെഹ്റാനില്‍ നടന്ന മതചടങ്ങില്‍ പങ്കെടുത്തതായി സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ച ദൃശ്യങ്ങള്‍ പറയുന്നു. ഇസ്രായിലുമായുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള അലി ഖാംനഇയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. യുദ്ധത്തിന്റെ ആദ്യ ദിവസം അടച്ചിട്ട തങ്ങളുടെ വ്യോമാതിര്‍ത്തി വീണ്ടും പൂര്‍ണമായും തുറക്കുന്നതായി വ്യാഴാഴ്ച ഇറാന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group