ഏദൻ കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ പാതയിൽ ഡച്ച് കാർഗോ കപ്പലിനു നേരെ മാരകമായ വ്യോമാക്രമണമുണ്ടായി. ഡച്ച് ഫ്‌ളാഗുള്ള മിനർവ ഗ്രാക്ത് എന്ന കപ്പൽ ബാലിസ്റ്റിക് മിസൈൽ പതിച്ച് തീപിടിച്ച് കടലിൽ ഒഴുകി നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ രണ്ടു പേരടക്കം, കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏദൻ തുറമുഖത്തിന് 128 നോട്ടിക്കൽ മൈൽ അകലെ വെച്ച് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
നെതർലാന്റ്‌സിലെ ആംസ്റ്റർഡാം ആസ്ഥാനമായ സ്പ്ലീത്തോഫ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രമിക്കപ്പെട്ട കാർഗോ കപ്പൽ. ജിബൂട്ടിയിൽ നിന്ന് മുംബൈ തീരം ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് സംഭവം. ആക്രമണത്തിനു പിന്നിൽ യമനിലെ ഹൂത്തി വിമതരാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഹൂത്തികൾ ഇതുവരെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഈ മാസം 23-ന് ചൈനയിൽ നിന്ന് ജിബൂട്ടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇതേ കപ്പലിനു നേരെ വ്യോമാക്രമണം ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.
യൂറോപ്യൻ യൂണിയൻ നാവികസേനയുടെ ‘ആസ്പിഡസ്’ മിഷനും കപ്പലിന്റെ ഉടമകളായ സ്പ്ലീത്തോഫ് കമ്പനിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. ജീവനക്കാരെ ഹെലികോപ്ടർ വഴി രക്ഷപ്പെടുത്തിയെങ്കിലും കപ്പൽ മുങ്ങാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
2023-ൽ ഇസ്രായേൽ ആരംഭിച്ച ഗാസ അധിനിവേശത്തെ തുടർന്നാണ് യമനിലെ ഹൂത്തികൾ ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം ആരംഭിച്ചത്. ഇസ്രായേൽ ബന്ധമുള്ള എല്ലാ കപ്പലുകളെയും ആക്രമിക്കും എന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. 2025 ജൂലൈയിൽ, ‘എറ്റർണിറ്റി സി’, ‘മാജിക് സീസ്’ എന്നീ രണ്ട് കാർഗോ കപ്പലുകൾ ഹൂത്തികൾ ആക്രമിച്ച് മുക്കിയിരുന്നു. 2023 നവംബറിൽ ‘ഗാലക്‌സി ലീഡർ’ കപ്പൽ പിടിച്ചെടുക്കുകയും 25 ജീവനക്കാരെ 2025 ജനുവരി വരെ തടവിലാക്കുകയും ചെയ്തു.
2023 ഒക്ടോബറിനും 2024 മാർച്ചിനും ഇടയിൽ 60-ൽ അധികം കപ്പലുകലാണ് ഈ വിധത്തിൽ ആക്രമണത്തിന് ഇരയായത്. ലോക വ്യാപാരത്തിന്റെ 15 ശതമാനവും കടന്നുപോകുന്ന ബാബ് അൽ മൻദബിലൂടെയുള്ള ചരക്കുഗതാഗതം ഇതോടെ അനിശ്ചിതത്വത്തിലായി. ആക്രമണ ഭീതിയെ തുടർന്ന് കപ്പലുകൾ സൂയസ് കനാൽ വഴിയുള്ള യാത്ര ഒഴിവാക്കി ആഫ്രിക്കയിലെ ഗുഡ്‌ഹോപ്പ് മുനമ്പ് ചുറ്റിയാണ് സഞ്ചരിക്കുന്നത്. ഇത് ആഗോള വ്യാപാരത്തിന് ഒരു ട്രില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്കുകൾ പറയുന്നത്.
ഗാസയിലെ വംശഹത്യ ഇസ്രായിൽ നിർത്തിയാൽ കപ്പലുകൾ ആക്രമിക്കുന്നത് തങ്ങളും നിർത്തുമെന്ന് യമനിലെ ഹൂത്തികൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.