വാഷിംഗ്ടണ്‍ – ഏഴര ദശകത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശ്വാശ്വതമായ ദ്വിരാഷ്ട്ര പരിഹാരത്തിന് ഗൗരവമേറിയ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം പറഞ്ഞത്. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ വ്യക്തമായ പദ്ധതി ആവശ്യമാണ്. സൗദി അറേബ്യ ഫലസ്തീനികള്‍ക്കും ഇസ്രായിലികള്‍ക്കും മുഴുവന്‍ മേഖലക്കും സമാധാനം ആഗ്രഹിക്കുന്നു എന്നും സൗദി കിരീടാവകാശി പറഞ്ഞു.
സമാധാനത്തിനായുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളെ കിരീടാവകാശി പ്രശംസിച്ചു. അമേരിക്കയുമായി സൗദി അറേബ്യക്ക് ഊര്‍ജസ്വലമായ ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ബന്ധം തുടരാന്‍ തങ്ങൾ ആഗ്രഹിക്കുന്നു. തങ്ങൾ പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളുടെ ഭാവി ബന്ധത്തിന് ഇന്ന് ഒരു ചരിത്ര ദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ സമ്പദ്വ്യവസ്ഥയുള്ള ഒരു പ്രധാന രാജ്യമായി അമേരിക്കയെ വിശേഷിപ്പിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിവിധ മേഖലകളില്‍ നിക്ഷേപങ്ങള്‍ നടത്തേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. ഒപ്പുവെക്കുന്ന കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ വികാസത്തെ പ്രതിനിധീകരിക്കുന്നു. അമേരിക്കയിലെ പുതിയ സൗദി നിക്ഷേപങ്ങള്‍ ഏകദേശം ഒരു ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കും. കൃത്രിമബുദ്ധി മേഖലയില്‍ അമേരിക്കയുമായുള്ള സഹകരണം യഥാര്‍ത്ഥ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. അമേരിക്കയുമായി ഒപ്പുവെച്ച പുതിയ കരാറുകളില്‍ സാങ്കേതികവിദ്യ, അസംസ്‌കൃത വസ്തുക്കള്‍, നൂതന ധാതുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നു. കമ്പ്യൂട്ടിംഗ്, ചിപ്പുകള്‍, സെമികണ്ടക്ടറുകള്‍ എന്നീ മേഖലകളില്‍ സൗദി അറേബ്യ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും കിരീടാവകാശി പറഞ്ഞു.
ആണവ, പുനരുപയോഗ ഊര്‍ജ മേഖലകളില്‍ സൗദി അറേബ്യയുമായി സഹകരണം ഉണ്ടാകുമെന്നും സിവിലിയന്‍ ആണവ കരാര്‍ ഒപ്പുവെക്കാനുള്ള സാധ്യത കാണുന്നു എന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൗദി അറേബ്യയുമായുള്ള സഹകരണം അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങള്‍ക്ക് വാതില്‍ തുറക്കും. സൗദി അറേബ്യയിലേക്ക് നൂതന ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിന് അംഗീകാരം നല്‍കും. സൗദി അറേബ്യയെ എഫ്-35 വിമാനങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കുന്ന കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭാവിയില്‍ ഇതിലും വലിയ പങ്കാളിത്തങ്ങളും കരാറുകളും ഉണ്ടാകും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എല്ലാ വിധത്തിലും അത്ഭുതകരവും മതിപ്പുളവാക്കുന്നതുമായ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.



