ന്യൂയോര്‍ക്ക് – ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ സൗദി അറേബ്യക്ക് ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളത്തിനു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.
ഗാസയെ മറ്റ് ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് വേര്‍പെടുത്താനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ നിരാകരിക്കുന്നു. ഗാസയില്‍ ദുരിതങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതില്‍ വിശ്വാസ്യതയില്ല. ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനും മേഖലയിലെ എല്ലാ ജനങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന അടിയന്തരവും നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. മുഴുവന്‍ ഇസ്രായിലി ബന്ദികളെയും മോചിപ്പിക്കുക, ഗാസയില്‍ നിന്ന് ഇസ്രായിലി സൈന്യത്തെ പിന്‍വലിക്കുക, മാനുഷിക സഹായങ്ങളുടെ അനിയന്ത്രിതമായ പ്രവേശനം ഉറപ്പാക്കുക എന്നിവയുള്‍പ്പെടെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും സജീവമാക്കാനുള്ള ഈജിപ്ത്, ഖത്തര്‍, അമേരിക്കന്‍ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നു. ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള സമാധാനം എല്ലാവര്‍ക്കും സുരക്ഷ നല്‍കുകയും സഹകരണത്തിനും സംയോജനത്തിനും പങ്കിട്ട സമൃദ്ധിക്കും വഴികള്‍ തുറക്കുകയും ചെയ്യുന്ന സമഗ്രമായ പ്രാദേശിക സമാധാനം കൈവരിക്കാനുള്ള അടിസ്ഥാന കവാടമാണ്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിലും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സഹായകരമായ പങ്കുണ്ട്. കാരണം അദ്ദേഹം സമാധാനത്തെ പിന്തുണക്കുകയും യുദ്ധത്തെ വെറുക്കുകയും മാനുഷിക സഹായത്തോടൊപ്പം നിലകൊള്ളുകയും വെടിനിര്‍ത്തല്‍ പ്രധാനമാണെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നതായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൂചിപ്പിച്ചു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്ണ പരിഹാരം നടപ്പാക്കുന്നതിനെ കുറിച്ച് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍, ഗാസ മുനമ്പിലെ മാനുഷിക ദുരന്തം ഉടനടി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. മേഖലയില്‍ സ്ഥിരത കൈവരിക്കുന്നത് ഫലസ്തീന്‍ ജനതക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നല്‍കുന്നതിലൂടെയാണെന്നും, മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിനും സ്ഥിരതക്കുമുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീന്‍ ജനതയെ സാമ്പത്തികമായും വികസനപരമായും ശാക്തീകരിക്കാതെ സമാധാനം കെട്ടിപ്പടുക്കാനാകില്ല. ഫലസ്തീന്‍ സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനായി സൗദി അറേബ്യ ഫലസ്തീന്‍ അതോറിറ്റിയുമായി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവകാശങ്ങള്‍ നിഷേധിക്കുന്നതിലൂടെയോ വിധി അടിച്ചേല്‍പ്പിക്കുന്നതിലൂടെയോ സുരക്ഷയും സമാധാനവും കൈവരിക്കാന്‍ കഴിയില്ല. ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിലെ പങ്കാളിത്ത നിലവാരം സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടമാക്കുന്നു. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായ വര്‍ധനവിനും വികാസത്തിനും ഇടയില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രത്യാഘാതങ്ങള്‍ പരിഗണിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശ്യം സമ്മേളനത്തിനിടെ മറ്റ് രാജ്യങ്ങള്‍ സ്ഥിരീകരിക്കുമെന്ന് ഫ്രഞ്ച് വിദേശ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് വ്യക്തമാക്കി. നിലവില്‍, ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 142 രാജ്യങ്ങള്‍ 1988 ല്‍ സ്വയം പ്രഖ്യാപിത ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നു. പതിറ്റാണ്ടുകളായി അന്താരാഷ്ട്ര സമൂഹത്തിന്റെ ഭൂരിഭാഗവും ദ്വിരാഷ്ട്ര പരിഹാര തത്വത്തെ പിന്തുണച്ചിട്ടുണ്ട്.
എന്നിരുന്നാലും, ഗാസയില്‍ യുദ്ധം ആരംഭിച്ച് 21 മാസത്തിലേറെ പിന്നിട്ടതോടെ, അധിനിവേഷ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ വിപുലീകരണം, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായില്‍ ഉദ്യോഗസ്ഥരുടെ പ്രഖ്യാപിത ഉദ്ദേശ്യം എന്നിവ കാരണം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഭൗതികമായി അസാധ്യമാണെന്ന ആശങ്ക വര്‍ധിച്ചുവരികയാണ്. അന്താരാഷ്ട്ര നിയമത്തെയും അന്താരാഷ്ട്ര സമവായത്തെയും യാഥാര്‍ഥ്യബോധമുള്ള ഒരു പദ്ധതിയാക്കി മാറ്റാനുള്ള അതുല്യ അവസരമാണ് സമ്മേളനമെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ വിശേഷിപ്പിച്ചു.
ജൂണില്‍ നടക്കാനിരുന്ന സമ്മേളനത്തില്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ കാരണം ഇസ്രായിലും അമേരിക്കയും പങ്കെടുത്തിരുന്നില്ല. മന്ത്രിതല യോഗത്തിന് ശേഷം അടുത്ത സെപ്റ്റംബറില്‍ ഇതേ ലക്ഷ്യത്തോടെ യു.എന്‍ ആസ്ഥാനത്ത് ഉച്ചകോടി നടക്കും. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായിലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നതിനൊപ്പമാണ് ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.