ബെയ്റൂത്ത്: ലെബനോനും ലെബനീസ് ജനതക്കുമുള്ള പിന്തുണ സൗദി അറേബ്യ തുടരുമെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. പുതുതായി ചുതലയേറ്റ ലെബനീസ് പ്രസിഡന്റ് ജോസഫ് ഔനുമായി ബെയ്റൂത്ത് ബഅബദാ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി സംസാരിക്കുകായിരുന്നു വിദേശ മന്ത്രി. ലെബനോനില്‍ സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടത് ഏറെ പ്രധാനമാണ്. ഇസ്രായിലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മില്‍ നടന്ന വിനാശകരമായ യുദ്ധത്തിനു ശേഷം ലെബനോന്റെ ഭാവിയില്‍ സൗദി അറേബ്യക്ക് ശുഭാപ്തിയുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.
ലെബനീസ് പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെരിയുമായി പാര്‍ലമെന്റ് ആസ്ഥാനത്തു വെച്ചും താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മീഖാത്തിയുമായും സൗദി വിദേശ മന്ത്രി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ലെബനോനുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും മേഖലാ പ്രശ്നങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചകള്‍ക്കിടെ വിശകലനം ചെയ്തു.
വിദേശ മന്ത്രിയുടെ ഉപദേഷ്ടാവ് യസീദ് ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ഫര്‍ഹാന്‍ രാജകുമാരന്‍, ലെബനോനിലെ സൗദി അംബാസഡര്‍ വലീദ് ബുഖാരി, വിദേശ മന്ത്രിയുടെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍സമാഈല്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചു. പതിനഞ്ചു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു സൗദി വിദേശ മന്ത്രി ലെബനോന്‍ സന്ദര്‍ശിക്കുന്നത്.