ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ജപ്പാൻ. രാജ്യത്തെ നയിക്കാന്‍ ഇതാദ്യമായി ഒരു വനിത പ്രധാനമന്ത്രിയാകുകയാണ്. ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി മുന്‍ സാമ്പത്തികസുരക്ഷാ മന്ത്രി സനേ തകായിച്ചിയെ തെരഞ്ഞെടുത്തു. ഇതോടെ ലിംഗസമത്വത്തിന് അന്താരാഷ്ട്രതലത്തിൽ മോശം റാങ്കുള്ള രാജ്യത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് സനേ.
ജപ്പാനിലെ രണ്ട് പാർലമെന്ററി ചേംബറുകളിൽ ഏറ്റവും ശക്തരായ അധോസഭയിൽ സ്ത്രീകൾ ഏകദേശം 15 ശതമാനം മാത്രമാണ്. ജപ്പാനിലെ 47 പ്രിഫെക്ചറൽ ഗവർണർമാരിൽ രണ്ടുപേർ മാത്രമാണ് സ്ത്രീകളാണ്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന ജൂനിചിരോ കൊയ്‌സുമിയുടെ മകനും മതവാദിയുമായ ഷിന്‍ജിറോ കൊയിസുമിയെ പരാജയപ്പെടുത്തിയാണ് 64കാരിയായ സനേ എല്‍ഡിപിയുടെ നേതൃത്വ സ്ഥാനത്തേക്കെത്തുന്നത്. കഴിഞ്ഞമാസമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുതോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷിഗരു ഇഷിബ രാജിവെച്ചത്.
അതിയാഥാസ്ഥിതികവും തീവ്രദേശീയവുമായ നിലപാടിലൂടെ രാഷ്ട്രീയരംഗത്ത് ശ്രദ്ധനേടിയിട്ടുള്ള വ്യക്തിയാണ് സനേ തകായിച്ചി. ടിവി അവതാരകയും മോട്ടോര്‍സൈക്കിള്‍ പ്രേമിയുമായ അവര്‍ ഒരുകാലത്ത് ഹെവി-മെറ്റല്‍ ബാന്‍ഡിലെ ഡ്രമ്മര്‍കൂടിയായിരുന്നു.
സൈനിക ശക്തി വർധിപ്പിക്കുക, ഉയർന്ന സാമ്പത്തിക ചെലവ്, ശക്തമായ സൈബർ സുരക്ഷ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവയ്ക്കായി വാദിച്ച വ്യക്തിയാണ് തകായിച്ചി. എന്നാൽ സ്ത്രീവിരുദ്ധനിലപാടുകളിലൂടെ കുപ്രസിദ്ധയായ തകായിച്ചി സ്വവര്‍ഗവിവാഹങ്ങള്‍ക്കും എതിരായിരുന്നു. വിവാഹശേഷം സ്ത്രീകള്‍ക്ക് കുടുംബപ്പേരുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തെ തകായിച്ചി എതിർത്തിരുന്നു.
അതേസമയം ആര്‍ത്തവവിരാമം കാരണം താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് തകായിച്ചി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സ്ത്രീകളുടെ ആരോഗ്യ്രശ്‌നങ്ങളെ കുറിച്ച് സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും പുരുഷന്മാരെ ബോധവത്കരിക്കണമെന്ന ആവശ്യവും അവർ ഉയർത്തിയിരുന്നു. 1993-ല്‍ സ്വന്തം നാടായ നാരയില്‍നിന്നാണ് തകായിച്ചി ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 15-ന് തകായിച്ചി സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോർട്ട്.