ന്യൂ ഡൽഹി– യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50% തീരുവ ഭീഷണി നിലനിൽക്കെ, ഇന്ത്യയ്ക്ക് 5% കിഴിവോടെ അസംസ്കൃത എണ്ണ നൽകാൻ റഷ്യ സന്നദ്ധമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം, റഷ്യയിൽനിന്നുള്ള എണ്ണ വിതരണം തടസ്സമില്ലാതെ തുടരുമെന്നും ഏകദേശം 5% കിഴിവ് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
“രാഷ്ട്രീയ വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തുടരും. കിഴിവ് വ്യാപാര കരാറിന്റെ ഭാഗമാണ്, ഏകദേശം 5% ആയിരിക്കും, പക്ഷേ ഇതിൽ വ്യതിയാനങ്ങൾ സാധ്യമാണ്,” എവ്ജെനി ഗ്രിവ വ്യക്തമാക്കി.
ഇന്ത്യ-റഷ്യ ഊർജ സഹകരണം ബാഹ്യ സമ്മർദങ്ങൾക്കിടയിലും ശക്തമായി മുന്നോട്ടുപോകുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഈ വാഗ്ദാനം ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.