കീവ്– റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273 ഷഹീദ് ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്. ഇറാനിൽ നിന്ന് റഷ്യ വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകളാണ് ഇവ. ആക്രമണത്തിൽ 28 കാരി കൊല്ലപ്പെട്ടു. നാലുവയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും സമാധാന ചർച്ചക്കൾ ആരംഭിക്കാനിരിക്കെയാണ് റഷ്യ ശക്തമായ ഡ്രോൺ ആക്രമണം നടത്തുന്നത്. ഒമ്പത് മണിക്കൂറോളം ആണ് വ്യോമാക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങിക്കൊണ്ടിരുന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റഷ്യ ശനിയാഴ്ച ഡോണെസ്കിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച സുമിയിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുപുറമേ ഖേഴ്‌സണിലും സപോറിഷ്യയിലും റഷ്യ ഡ്രോൺ ആക്രമണം നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ സംബന്ധിച്ച് നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ച് മണിക്കൂറുകൾക്കകമാണ് റഷ്യ സുമിയിൽ ആക്രമണം നടത്തിയത്. റഷ്യ നടത്തിയ ആക്രമണത്തിൽ കൂടുതലും ജനവാസ കേന്ദ്രങ്ങളാണ് തകർത്തത്.