ജനീവ – ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായിലിന് കൈമാറാന്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പറഞ്ഞു.
ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു വലിയ വെല്ലുവിളി ആണ്. ജീവിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണിത്. – ഐ.സി.ആര്‍.സി വക്താവ് ക്രിസ്റ്റ്യന്‍ കാര്‍ഡണ്‍ പറഞ്ഞു. ഇതിന് ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കും. ബന്ദികളുടെ മൃതദേഹങ്ങള്‍ ഒരിക്കലും കണ്ടെത്താതിരിക്കാനും സാധ്യതയുണ്ടെന്ന് ക്രിസ്റ്റ്യന്‍ കാര്‍ഡണ്‍ പറഞ്ഞു.
ഹമാസ് നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ മാത്രം ഇസ്രായിലിന് കൈമാറിയതില്‍ ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. പ്രതീക്ഷിച്ചതിലും വളരെ കുറവാണ് ഇത്. ഇന്നലെ ഉച്ചയോടെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ നല്‍കുമെന്ന് കരുതപ്പെട്ടിരുന്ന കരാറിന്റെ ലംഘനം ആയി അവര്‍ ഇതിനെ കണക്കാക്കി. ശേഷിക്കുന്ന മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതില്‍ ഹമാസ് പൂര്‍ണമായി സഹകരിച്ചില്ലെങ്കില്‍, ഭാവി ചര്‍ച്ചകളില്‍ ഉപയോഗിക്കാനുള്ള തുറുപ്പു ചീട്ടായി മൃതദേഹങ്ങള്‍ ഹമാസ് മനഃപൂര്‍വ്വം പിടിച്ചുവെക്കുകയാണെന്ന് ഇസ്രായില്‍ പരിഗണിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ മൃതദേഹങ്ങള്‍ വേഗത്തില്‍ കൈമാറാന്‍ ഹമാസിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെട്ട് ഇസ്രായില്‍ മധ്യസ്ഥര്‍ക്ക് ശക്തമായ സന്ദേശങ്ങള്‍ അയച്ചു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ദി പ്രതിസന്ധിയില്‍ പുരോഗതിയെ പ്രതിനിധീകരിക്കുമെന്ന് കരുതപ്പെടുന്ന ചരിത്രപരമായ ദിനം എന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതില്‍ ഈ സംഭവവികാസങ്ങള്‍ കരിനിഴല്‍ വീഴ്ത്തി.
അതേസമയം, ഹമാസ് കൈമാറിയ നാല് ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. മൂന്ന് ഇസ്രായിലികളുടെയും ബെവിന്‍ ജോഷി എന്ന നേപ്പാളി വിദ്യാര്‍ഥിയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ഇവ. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റുന്നതുവരെ ഹമാസിനു മേലുള്ള സമ്മര്‍ദം തുടരുകയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഇസ്രായില്‍ സര്‍ക്കാരിന്റെ ബന്ദികാര്യ കോ-ഓര്‍ഡിനേറ്റര്‍ ഗാല്‍ ഹിര്‍ഷ് ബന്ദികളുടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
അതേസമയം, യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളുടെ ആദ്യ ബാച്ച് ഇസ്രായില്‍ ഇന്ന് കൈമാറിയതായി ഗാസയിലെ ആരോഗ്യ അധികൃതര്‍ വെളിപ്പെടുത്തി. 2023 ഒക്ടോബര്‍ 7 ആക്രമണത്തിലും തുടര്‍ന്നുണ്ടായ യുദ്ധത്തിലും പങ്കെടുത്ത പോരാളികളുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട നൂറുകണക്കിന് ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായില്‍ ഇപ്പോഴും കൈവശം വെക്കുന്നു.