ദോഹ – ഖത്തറില്‍ കഴിഞ്ഞ മാസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും നഷ്ടപരിഹാരം നല്‍കാനുമായി ഖത്തര്‍ അടിയന്തിര നടപടികള്‍ പ്രഖ്യാപിച്ചു. അപൂര്‍വ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് ഈ നീക്കം.
ജൂണ്‍ 23 ന് ഉണ്ടായ മിസൈല്‍ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ അവലോകനം ചെയ്യാനായി ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ അസാധാരണ യോഗം ചേര്‍ന്നു. ആഭ്യന്തര സുരക്ഷാ സേനാ കമാന്‍ഡറും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു.
അടിയന്തര പ്രതികരണ നടപടികള്‍ യോഗം വിലയിരുത്തുകയും മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് എക്‌സിക്യൂട്ടീവ് സംവിധാനം സജീവമാക്കാന്‍ അംഗീകാരം നല്‍കുകയും ചെയ്തു. ആക്രമണത്തിന് തൊട്ടുപിന്നാലെ സ്വീകരിച്ച അടിയന്തിര നടപടികള്‍ കൗണ്‍സില്‍ അവലോകനം ചെയ്യുകയും ദ്രുതഗതിയിലുള്ള തുടര്‍നടപടികള്‍ ഉറപ്പാക്കാനുള്ള ചട്ടക്കൂടിന് അംഗീകാരം നല്‍കുകയും ചെയ്തതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ആശ്വാസം നല്‍കാനാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വിക്ഷേപിച്ച മിസൈലുകള്‍ ഖത്തര്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തിരുന്നു. വിദേശ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും നഗ്‌നമായ ലംഘനമാണെന്നും അന്താരാഷ്ട്ര നിയമലംഘനമാണെന്നും വിദേശ മന്ത്രാലയം വിശേഷിപ്പിച്ചു. അമേരിക്കന്‍ സേനക്ക് ആതിഥേയത്വം വഹിക്കുന്ന പ്രധാന സൈനിക താവളമായ അല്‍ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.