ദോഹ – മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെക്കുറിച്ചും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിനെക്കുറിച്ചും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി. ട്രംപിൻ്റെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായുള്ള യാത്രക്കിടെ ഖത്തറിലെ അമേരിക്കൻ സൈനിക താവളമായ ഉദൈദ് ബേസിൽ വെച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത് . ഗാസയിലെയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സംഭവവികാസങ്ങൾ, മേഖലയിലെ സമാധാനത്തെ പിന്തുണയ്ക്കുന്നതിലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും അതിന്റെ എല്ലാ വ്യവസ്ഥകളും കക്ഷികൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള കരാർ ശക്തിപ്പെടുത്തുന്നതിലും കേന്ദ്രീകരിച്ചായിരുന്നു ഇരുനേതാക്കളുടെയും ചർച്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, പ്രധാന പ്രാദേശിക, ആഗോള പ്രശ്നങ്ങൾ എന്നിവയും നേതാക്കൾ ചർച്ച ചെയ്തു .
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ സ്വീകരിക്കാനും, രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും നല്ലൊരു അവസരമായിരുന്നുവെന്ന് ഖത്തർ അമീർ തന്റെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് പ്രസിഡന്റിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി അംഗങ്ങളുംകൂടിക്കാഴ്ചയിൽ പങ്കെടുത്തു .



