മാലി – മാലിദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പി എന്‍ സി) പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുമെന്ന് സൂചന. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ 86 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 66 എണ്ണത്തിലും പി എന്‍ സി വിജയം ഉറപ്പിച്ചെന്ന് അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് ഒരാഴ്ചയോളം എടുക്കും. മെയ് ആദ്യത്തിലായിരിക്കും പുതിയ അസംബ്ലി പ്രാബല്യത്തില്‍ വരിക. പ്രധാന പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി പി)ക്ക് 10 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 9 സീറ്റുകളില്‍ സ്വതന്ത്രര്‍ക്കാണ് മുന്നേറ്റമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) നേതാവായ മുയിസു അധികാരത്തിലെത്തിയത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സര്‍ക്കാരിന് ജനപിന്തുണയുണ്ടെന്ന് ഉറപ്പിക്കുന്നതു കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.
മുയിസു ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുകളുണ്ടായിരുന്നു. മാലിദ്വീപിലുള്ള മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, മുഴുവന്‍ സൈനികരെയും പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു.