വാഷിങ്ടണ്‍- അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പുതിയ ബില്ലില്‍, രാജ്യത്തെ വിദേശ വിദ്യാര്‍ഥികൾ പഠനാനന്തര ജോലിഅവസരമായി അനുവദിച്ചിരുന്ന ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്(ഒ.പി.ടി) വിസാപദ്ധതി അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ നിന്നുളള മൂന്ന് ലക്ഷം വിദ്യാര്‍ഥികൾ ആശങ്കയിൽ.
യുഎസ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒ.പി.ടിയില്‍ 12 മുതല്‍ 36 മാസത്തേക്ക് ജോലി ചെയ്യാം. ഈ സമയത്തെ ജോലിപരിചയം യു.എസില്‍ സ്ഥിരം ജോലി വിസകളിലേക്ക് മാറ്റാന്‍ അവസരമൊരുക്കുന്നു. എന്നാല്‍ പദ്ധതിയെ അവസാനിപ്പിക്കാനുളള നയം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് യു.എ.സിലെ കോളേജുകളിലേക്കുള്ള കുടിയേറ്റം വര്‍ഷങ്ങളായി വര്‍ദ്ധിച്ചു വരുകയാണ്. യുഎസിലെ ” ഓപ്പണ്‍ ഡോര്‍സ് 2024” റിപ്പോര്‍ട്ട് പ്രകാരം, 2023-24 കാലഘട്ടത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. 3.3 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഈ കാലയളവില്‍ യുഎസ് സര്‍വ്വകലാശാലയില്‍ പഠിച്ചത്. ഇതില്‍ ഏകദേശം 97556 പേര്‍ ഒപ്റ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ്, 2022-23 നേക്കാളും 41 ശതമാനം വര്‍ധനവാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒ.പി.ടി റദ്ദാക്കിയാല്‍ വിദ്യാര്‍ഥികൾക്ക് പഠനം കഴിഞ്ഞ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടും. അതിനോടൊപ്പം തന്നെ, എച്ച്-1ബി പോലുള്ള ജോലി വിസകളിലേക്ക് മാറാനുള്ള സാധ്യതകളും ഇല്ലാതാകും. ബില്‍ പാസായാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് അമേരിക്ക വിട്ട് പോകേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഇത് അമേരിക്കന്‍ ഭരണകൂടത്തിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വിസ നിയന്ത്രണങ്ങളും, കുടിയേറ്റ വിരുദ്ധ നടപടികളും ഈ സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഇപ്പോഴത്തെ ഒപ്റ്റ് നിയന്ത്രണങ്ങള്‍ മാര്‍ക്കറ്റില്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടുന്ന പ്രമുഖ ടെക്ക് കമ്പനികള്‍ക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.