ജിദ്ദ ∙ 2025 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോർച്ചുഗീസ് പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോയുടെ ഓഫീസ് അറിയിച്ചു. ഇതിനായി സർക്കാർ പ്രസിഡന്റുമായും പാർലമെന്റുമായും കൂടിയാലോചന നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഫ്രാൻസ്, ബ്രിട്ടൻ, മാൾട്ട, കാനഡ എന്നീ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഗാസ മുനമ്പിലെ വഷളായ മാനുഷിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രായിലുമായുള്ള വ്യാപാര പങ്കാളിത്ത കരാർ മരവിപ്പിക്കണമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. “ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇസ്രായിൽ അടിസ്ഥാന ബാധ്യതകളോ മാനുഷിക സഹായവുമായി ബന്ധപ്പെട്ട കരാറുകളോ നിറവേറ്റുന്നില്ല,” എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ അദ്ദേഹം വിമർശിച്ചു. ഇസ്രായിലിനെതിരെ സാമ്പത്തിക സമ്മർദം വർധിപ്പിക്കണമെന്നും തടസ്സമില്ലാതെ ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്നും ക്രിസ്റ്റേഴ്സൺ ആവശ്യപ്പെട്ടു. “ഇത് അവഗണിക്കാനാവാത്ത മാനുഷിക ഉത്തരവാദിത്തമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.