തെഹ്റാൻ: ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്ന സംസാരം തികച്ചും മിഥ്യയാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാന്റെ ആണവ ശേഷി ആണവ കേന്ദ്രങ്ങളിൽ മാത്രമല്ല, ശാസ്ത്രജ്ഞരുടെ മനസ്സിലാണെന്നും, ഇസ്രായിലിന്റെ ഏത് സൈനിക നടപടിയും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. “ഇസ്രായിലിൽ വീണ്ടും ആഴത്തിൽ ആക്രമണം നടത്താൻ ഞങ്ങളുടെ സൈന്യം സജ്ജമാണ്. ഇറാനെ വിഘടിപ്പിക്കാനും ഭരണകൂടത്തെ കലാപങ്ങളിലൂടെ തകർക്കാനുമുള്ള ഇസ്രായിലിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. യുദ്ധം നിർത്താനുള്ള അവരുടെ അഭ്യർഥന ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുന്നു,” പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഭാവി ചർച്ചകൾ പരസ്പര നേട്ടത്തിന്റെ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, ഏകപക്ഷീയ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നത് ഇറാൻ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇറാൻ ആണവ പദ്ധതിയെക്കുറിച്ചുള്ള കൂടിയാലോചനകൾ തുടരാൻ ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ധാരണയിലെത്തി. തെഹ്റാനിൽ നടന്ന ത്രികക്ഷി യോഗത്തിൽ, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവ ചർച്ചകളിലെ പുരോഗതിയും ഉപരോധങ്ങൾ പിൻവലിക്കാനുള്ള വഴികളും ചർച്ച ചെയ്തതായി ഇറാനിലെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്ന് രാജ്യങ്ങളും ശക്തമായ ഏകോപനം തുടരാനും വരും ആഴ്ചകളിൽ പുതിയ യോഗങ്ങൾ നടത്താനും തീരുമാനിച്ചു.
വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങളുടെയും പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ, സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ പദ്ധതി വികസിപ്പിക്കാനുള്ള അവകാശം ഇറാൻ ആവർത്തിച്ച് ഉറപ്പിക്കുന്നു.