ഗാസ – ഇസ്രായിലും അമേരിക്കയും മറ്റു ചില പശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ ഏറ്റവും നൂതനവും പ്രഹരശക്തി കൂടിയതുമായ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമായി കണ്ട, പതിനഞ്ചു മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ച വാര്‍ത്ത പുറത്തുവന്നതോടെ ഗാസസയില്‍ സ്ത്രീകളും കുട്ടികളും അടക്കം അബാലവൃദ്ധം ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളില്‍ ഇറങ്ങി.
467 ദിവസമായി കൂട്ടക്കുരുതികളും കൊടും പട്ടിണിയും നേരിട്ടും ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായും കഴിഞ്ഞ ഒരു ജനത ഒന്നടങ്കം വെടിനിര്‍ത്തല്‍ കരാര്‍ വാര്‍ത്ത പുറത്തുവന്നതോടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളിടുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഹമാസും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതോടെ ഗാസയിലെങ്ങും ആഘോഷത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ വാര്‍ത്ത ഗാസയിലുടനീളം ജനകീയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന അചഞ്ചലമായ പോരാട്ടത്തിന് ശേഷം ഗാസ നിവാസികള്‍ തെരുവിലിറങ്ങി ആഘോഷിച്ചു. ജീവിതത്തിന്റെ എല്ലാ വശങ്ങളും തകര്‍ത്തെറിഞ്ഞ, ഉറ്റവരെയും പ്രിയപ്പെട്ടവരെയും കൂടപ്പിറപ്പുകളെയും നഷ്ടപ്പെടുത്തിയ ക്രൂരമായ യുദ്ധം അവസാനിച്ചതില്‍ ജനങ്ങള്‍ ഒന്നടങ്കം ആശ്വസിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഗാസയിലെ എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ അതിരറ്റ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നു. കഷ്ടപ്പാടുകളും ദുരിതങ്ങളും അവസാനിക്കാന്‍ പോകുന്നതിലെ സന്തോഷത്താല്‍ ഗാസക്കാര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും ഒരു പുതിയ തുടക്കത്തിനുള്ള അഭിലാഷം രേഖപ്പെടുത്തുകയും ചെയ്തു.
2023 ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച സംഭവവികാസങ്ങള്‍ മുതല്‍ നിരവധി തിരിച്ചടികള്‍ക്ക് സാക്ഷ്യം വഹിച്ച, മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാറില്‍, കുടിയിറക്കപ്പെട്ടവരുടെ തിരിച്ചുവരവ്, ഗാസയിലേക്ക് ദിവസേന മാനുഷിക സഹായങ്ങളും ഭക്ഷ്യസഹായങ്ങളും പ്രവേശിപ്പിക്കല്‍, ഗാസയില്‍ നിന്ന് അധിനിവേശ സേനയെ പൂര്‍ണമായും പിന്‍വലിക്കല്‍,
നിരവധി രാജ്യങ്ങളുടെയും സംഘടനകളുടെയും മേല്‍നോട്ടത്തില്‍ ഗാസ പുനര്‍നിര്‍മാണത്തിനും ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള പദ്ധതികള്‍, ഇരുവശത്തും നിന്നുമുള്ള തടവുകാരെയും ബന്ദികളെയും കൈമാറല്‍ എന്നിവ ഉള്‍പ്പെടുന്നു. 42 ദിവസത്തിനുള്ളില്‍ 33 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നും 19 വയസിന് താഴെയുള്ള സ്ത്രീകളെയും യുവാക്കളെയും ആദ്യം വിട്ടയക്കണമെന്നും ദിവസവും 600 ട്രക്ക് മാനുഷിക സഹായങ്ങള്‍ ഗാസയിലേക്ക് പ്രവേശിപ്പിക്കണമെന്നും കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു.