ബാർസലോണ– പാസ്‌പോർട്ട് കാലാവധി കഴിഞ്ഞെതിനെത്തുടർന്ന് ദമ്പതികൾ 10 വയസ്സുള്ള മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി അവധി യാത്ര പോയി. ബാർസലോണ എയർപ്പോർട്ടിലാണ് കൗതുകമായ സംഭവം നടന്നത്. കുടുംബസമേതം അവധി യാത്ര പുറപ്പെട്ട ബാർസലോണ ദമ്പതികളാണ് അവരുടെ പത്ത് വയസ്സുള്ള മകനെ എയർപ്പോർട്ടിൽ തനിച്ചാക്കി പോയത്. അവരുടെ യാത്ര നഷ്ടപ്പെടാതിരിക്കാൻ അവനെ എയർപോർട്ടിലിട്ട് വിമാനത്തിൽ കയറാൻ തീരുമാനിക്കുകയായിരുന്നു. അവധിയാത്രക്കെടുത്ത തങ്ങളുടെ കൂടി ടിക്കറ്റുകൾ നഷ്ട്ടപ്പെടുത്തുവാതിരിക്കാനായിരുന്നു ദമ്പതികളുടെ ഉദ്ദേശം.
സ്പാനിഷ് വിമാനത്താവളത്തിലെ എയർ-ഓപ്പറേഷൻസ് കോർഡിനേറ്ററായ ലിലിയൻ എന്ന സ്ത്രീ പങ്കിട്ട വൈറലായ ടിക് ടോക്ക് വീഡിയോയിലൂടെയാണ് ലോകം സംഭവം അറിഞ്ഞത്. 3 ലക്ഷംത്തിലധികം പേർ കണ്ട ഈ വീഡിയോ വലിയ സമൂഹമാധ്യമപ്രതികരണങ്ങൾക്കാണ് വഴിയൊരുക്കിയത്. കുട്ടിയെ വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന കാര്യം മനസ്സിലായതോടെ, രക്ഷിതാക്കൾ ഒരു ബന്ധുവിനെ വിളിച്ച് കുട്ടിയെ എടുക്കാൻ ആവശ്യപ്പെട്ടതായും എയർപോർട്ട് അധികൃതർ കണ്ടെത്തി. “ടിക്കറ്റുകൾ കളയാൻ ഞങ്ങൾക്ക് താല്പര്യമില്ല” എന്നായിരുന്നു അവരുടെ പ്രതികരണമെന്നും ലിലിയൻ വെളിപ്പെടുത്തുന്നു.
അനധികൃത യാത്രാ രേഖകളാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് സ്പാനിഷ് പാസ്പോർട്ട് ഉണ്ടായിരുന്നുെങ്കിലും അത് കാലാവധി കഴിഞ്ഞതായിരുന്നു.ഇതോടെ കുട്ടിക്ക് പോകാൻ പറ്റില്ല എന്ന സ്ഥിതിയായി. പക്ഷേ ബാർസലോണ ദമ്പതികൾ തങ്ങളുടെ യാത്ര തുടരാൻ തീരുമാനിച്ചു. ടെർമിനലിൽ ഒറ്റയായി കാണപ്പെട്ട കുട്ടിയെ പിന്നീട് ലിലിയൻ ഉൾപ്പെടെയുള്ള എയർപ്പോർട്ട് അധികൃതർ ചേർന്ന് കാര്യങ്ങളന്വേഷിച്ചു. മാതാപിതാക്കൾ വിമാനത്തിൽ കയറിയെന്നും താൻ വീട്ടിലേക്ക് പോകുകയാണെന്നും കുട്ടി അവരോട് പറയുകയായിരുന്നു.
ഈ ഒരു സംഭവം കണ്ട് ആർക്കും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായി പോയി എന്നാണ് ലിലിയാൻ പറയുന്നത്. “ഞാൻ ഒരു എയർ ട്രാഫിക് ഉദ്യോഗസ്ഥയാണ്. വിമാനത്താവളത്തിൽ നിരവധി അവിസ്മരണീയമായ ദൃശ്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കുട്ടിയെ ഇങ്ങനെ ഉപേക്ഷിച്ചിരിയ്ക്കുന്നത് ഞെട്ടിക്കുന്നതായിരുന്നു,” അവർ കൂട്ടിച്ചേർത്തു.
വിമാനത്താവളങ്ങളിൽ ഇത്തരമൊരു സംഭവം ആദ്യമല്ല. ന്യൂയോർക്ക് പോസ്റ്റ് പറയുന്നതനുസരിച്ച്, വിമാനത്താവളങ്ങളിൽ കുട്ടികളെ ഉപേക്ഷിക്കുന്ന കേസുകൾ മുൻകാലങ്ങളിലും സംഭവിച്ചിട്ടുണ്ട്. 2018-ൽ ജർമ്മനിയിൽ ഒരു ദമ്പതികൾ അവരുടെ അഞ്ച് വയസ്സുള്ള കുട്ടിയെ സ്റ്റുട്ട്ഗാർട്ട് വിമാനത്താവളത്തിൽ ഉപേക്ഷിച്ചുപോയിരുന്നു. യുഎസ് ന്യൂജേഴ്‌സിയിൽ ഒരു കുട്ടിയെ ലഗേജ് കൺവെയർ ബൽറ്റിൽ ഒറ്റക്കാക്കി പോയ സംഭവവും മുൻപേ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.
.