റാമല്ല – വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍-അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതായി അമേരിക്കന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തിനിടെ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായി പുക ശ്വസിച്ചാണ് അദ്ദേഹം മരിച്ചതെന്ന് ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. വെസ്റ്റ് ബാങ്കിലെ സില്‍വാദ് ഗ്രാമത്തില്‍ അമേരിക്കന്‍ പൗരന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഏതെങ്കിലും കക്ഷി നടത്തുന്ന ഏതൊരു അക്രമത്തെയും ഞങ്ങള്‍ അപലപിക്കുന്നു – യു.എസ് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
സില്‍വാദ് ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാര്‍ വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചാണ് 40 കാരനായ ഖമീസ് അബ്ദുല്ലത്തീഫ് അയ്യാദ് രക്തസാക്ഷിയയാതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗ്രാമത്തില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു.
1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന മധ്യ വെസ്റ്റ് ബാങ്കിലാണ് സില്‍വാദ് സ്ഥിതി ചെയ്യുന്നത്. ഇസ്രായില്‍ നിയമം തന്നെ നിയമവിരുദ്ധമായി കണക്കാക്കുന്ന അനധികൃത ഔട്ട്പോസ്റ്റുകള്‍ അടക്കം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്ന ഇസ്രായിലി കുടിയേറ്റ കോളനികളാല്‍ ഗ്രാമം ചുറ്റപ്പെട്ടിരിക്കുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഏകദേശം 30 ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്നു. ജൂതകുടിയേറ്റ കോളനികളില്‍ ഏകദേശം അഞ്ചു ലക്ഷം ഇസ്രായിലികളും താമസിക്കുന്നു. ചില ഫലസ്തീനികള്‍ക്ക് അമേരിക്കന്‍ പൗരത്വമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍, 20 കാരനായ ഫലസ്തീന്‍-അമേരിക്കന്‍ വംശജനായ സൈഫുദ്ദീന്‍ മുസല്ലത്തിനെ ജൂതകുടിയേറ്റക്കാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം അമേരിക്കന്‍ വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്ന് ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം വെസ്റ്റ് ബാങ്കിലും അക്രമം വര്‍ധിച്ചു. അതിനുശേഷം, ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 967 ഫലസ്തീനികളെ ഇസ്രായില്‍ സേനകളും ജൂതകുടിയേറ്റക്കാരും കൊലപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവില്‍, സൈനികര്‍ ഉള്‍പ്പെടെ കുറഞ്ഞത് 36 ഇസ്രായിലികള്‍ ഫലസ്തീന്‍ ആക്രമണങ്ങളിലോ ഇസ്രായിലി സൈനിക നടപടികള്‍ക്കിടെയോ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായിലി കണക്കുകളും പറയുന്നു.