ഇസ്‌ലാമാബാദ്: പാകിസ്താന്റെ വൻ ധാതു ശേഖരം രാജ്യത്തിന്റെ കടബാധ്യത കുറയ്ക്കുകയും സമ്പന്നമായ സമൂഹമാക്കി മാറ്റുകയും ചെയ്യുമെന്ന് സൈനിക മേധാവി അസിം മുനീർ. ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് അത്യാവശ്യമായ അപൂർവ ധാതുക്കളിൽ യു.എസ് താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുനീറിന്റെ പ്രസ്താവന.
“പാകിസ്താന് അപൂർവ ധാതു നിധിയുണ്ട്. ഇതുവഴി കടം കുറയ്ക്കാനും ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നാകാനും കഴിയും,” ബ്രസ്സൽസിൽ നടന്ന യോഗത്തിൽ മുനീർ പറഞ്ഞതായി പാക് ജനറൽ ജിയോ ഗ്രൂപ്പിന്റെ കോളത്തിൽ എഴുത്തുകാരൻ സുഹൈൽ വാറൈച്ച് വെളിപ്പെടുത്തി.
ബലോചിസ്ഥാനിലെ റേക്കോ ഡിഖ് ഖനിയെ കുറിച്ചാണ് മുനീറിന്റെ പ്രസ്താവന. വർഷംതോറും 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
റേക്കോ ഡിഖ് ഖനിയിൽ 12.3 മില്യൺ ടൺ ചെമ്പും 20 മില്യൺ ഔൺസ് സ്വർണവും അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.
ചൈനയും യു.എസുമായുള്ള ബന്ധത്തിൽ “ഒരു സുഹൃത്തിനെ മറ്റൊരുവനുവേണ്ടി ത്യജിക്കില്ല” എന്ന് മുനീർ വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പാകിസ്താനുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി ധാതു സഹകരണത്തിന് ഊന്നൽ നൽകുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സിപെക് പദ്ധതിയിലൂടെയുള്ള ചൈനയുടെ പാകിസ്താനിലെ ആധിപത്യം കുറയ്ക്കാനുള്ള തന്ത്രമാണ് യു.എസ് നടത്തുന്നത്.
സുരക്ഷാ പ്രശ്നങ്ങളും ബലൂചിസ്ഥാനിലെ വിഘടനവാദ പ്രവർത്തനങ്ങളും റേക്കോ ഡിഖ് ഖനി പദ്ധതിയുടെ വിജയത്തിന് വെല്ലുവിളിയാണ്.