ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചതായി റിപ്പോർട്ട്. 22 പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടര്ബത്തിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്. അമിതവേഗത്തിലെത്തിയ ബസ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു.
ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടത്തിൽ മരിച്ചവരിൽ ബസ് ഡ്രൈവറും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന വിവരം. പരിക്കേറ്റ 22 പേരെ ബാസിമയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം.
സംഭവത്തിൽ പാക് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.