വെസ്റ്റ് ബാങ്ക്: ഓസ്കർ നേടിയ പലസ്തീൻ ഡോക്യുമെന്ററി നോ അദർ ലാന്റിന്റെ സഹസംവിധായകൻ ഹംദാൻ ബല്ലാലിന് ഇസ്രയേൽ കുടിയേറ്റക്കാരുടെ മർദനം. ആക്രമണത്തിനിരയായ ഹംദാനെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ ഹേബ്രാേണിന് തെക്കുളള മാസഫർ യട്ടയിലെ സുസ്യ ഗ്രാമത്തിൽ വച്ചാണ് സംഭവം.
15ഓളം ആയുധധാരികളായ അനധികൃത കുടിയേറ്റക്കാർ ബല്ലാലിന്റെ വീടിനടുത്തേക്ക് എത്തിയതിനു ശേഷം കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിന്റെ ജനലുകൾ തകർക്കുകയും ഹംദാന്റെ വീട്ടിനു സമീപമുള്ള വാട്ടർ ടാങ്ക് നശിപ്പിക്കുകയും ചെയ്തു. സൈന്യം സ്ഥലത്തെത്തിയെങ്കിലും, ആക്രമണം നടത്തിയ കുടിയേറ്റക്കാരെ പിടികൂടാതെ ബല്ലാലിനെയാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനൊപ്പം മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബല്ലാൽ സഹസംവിധാനം ചെയ്ത നോ അദർ ലാൻഡ് എന്ന ഡോക്യുമെന്ററി ഇത്തവണ ഓസ്കാർ നേടിയിരുന്നു. ബല്ലാലിനു നേരെയുള്ള അക്രമം ഡോക്യുമെന്ററിക്കു ലഭിച്ച അന്താരാഷ്ട്ര അംഗീകാരത്തിലുള്ള പ്രതികാരമായിരിക്കാമെന്ന് സിനിമയുടെ മറ്റൊരു സഹസംവിധായകനായ ബാസൽ അദ്ര ആരോപിച്ചു. 2025 ഫെബ്രുവരിയിൽ ബാസൽ അദ്ര മുഖംമൂടി ധരിച്ച കുടിയേറ്റക്കാരുടെ ആക്രമണത്തിനിരയായിരുന്നു.