ന്യൂയോര്‍ക്ക്: ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയുമായി സഹോദരി. മിസോറിയിലെ യു എസ് ഡിസ്ട്രിക് കോടതിയിലാണ് സഹോദരിയായ ആന്‍ ആള്‍ട്ട്മാന്‍ പരാതി നല്‍കിയത്. 1997 നും 2006 നും ഇടയില്‍ സാം ആള്‍ട്ട്മാന്‍ തന്നെ തുടര്‍ച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും ഇത് മൂലം തനിക്ക് കടുത്ത മാനസിക, വൈകാരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും യുവതി പറയുന്നു. സംഭവങ്ങള്‍ തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. സാമിന് പന്ത്രണ്ടും തനിക്ക് മൂന്നും വയസ് പ്രായം മുതല്‍ ലൈംഗിക ദുരുപയോഗം തുടങ്ങിയതായും ആന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകുന്നത് വരെ ആള്‍ട്ട്മാന്‍ പീഡനം തുടര്‍ന്നതായും ആന്‍ പറഞ്ഞു.
ആനിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ആള്‍ട്ട്മാനും കുടുംബവും രംഗത്തെത്തി. ആനിന്റെ ആരോപണം തെറ്റാണെന്നും മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നതിനാലാണ് ആന്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നും ആള്‍ട്ട്മാനും കുടുംബവും അറിയിച്ചു.
തങ്ങള്‍ ആനിനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. അവളുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. വര്‍ഷങ്ങളായി ആനിന്റെ ചെലവുകള്‍ തങ്ങളാണ് വഹിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആന്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ആന്‍ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി.